നാലുമാസം മുൻപ് കോട്ടയം ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് യുവാവിനെ ബലംപ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പരാതിയുമായി യുവാവിന്റെ കുടുംബം. കേസ് ഹൈക്കോടതി തള്ളിയെങ്കിലും അപ്പീൽ നൽകാനാണ് തീരുമാനം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അക്രമാസക്തന്‍ ആയപ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ചതെന്ന് കോട്ടയം ഡിവൈഎസ്പി പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ ഏറ്റുമാനൂർ പൊലീസിനെതിരെ പ്രചരിക്കുന്ന ദൃശ്യമാണിത്. കഴിഞ്ഞ മാർച്ച് 20 ന് ഏറ്റുമാനൂർ ബസ്റ്റാൻഡിലാണിത് നടന്നത്. സ്വകാര്യ ബസ് ഡ്രൈവറും ഇരുചക്രവാഹന യാത്രക്കാരനായ ഏറ്റുമാനൂർ സ്വദേശി അഭയ് രാജീവും തമ്മിലുണ്ടായ തർക്കം. ആളുകൂടി വലിയ സംഘർഷത്തിലേക്ക് പോകുമെന്ന് വിവരം ലഭിച്ചപ്പോൾ പൊലീസ് എത്തി. അഭയ് അസഭ്യം പറഞ്ഞ് അക്രമസക്തനായപ്പോൾ ബലംപ്രയോഗിച്ച് ജീപ്പിൽ കയറ്റിയെന്ന് പൊലീസ്. അഭയ് വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് ഡിവൈഎസ്പി.
ഏറ്റുമാനൂർ പൊലീസിന്റെ റൗഡി ലിസ്റ്റിലും കാപ്പ കേസിലും ഉൾപ്പെട്ട അഭയ് ലഹരി ഉപയോഗിച്ചാൽ അക്രമാസക്തൻ ആകുമെന്നും മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. മുൻപ് വീട്ടിൽ പ്രശ്നം ഉണ്ടായപ്പോഴും പൊലീസ് ഇടപെട്ടതാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പല പരാതികൾ നൽകിയതാണെന്നും കേസ് നേരത്തെ ഹൈക്കോടതി തള്ളിയെങ്കിലും വീണ്ടും അപ്പീൽ നൽകുമെന്നും അഭയ് യുടെ പിതാവ് രാജീവ്. പൊലീസിനെ മോശമാക്കാൻ ബോധപൂർവം വീഡിയോ എഡിറ്റ് ചെയ്ത് ശബ്ദം നൽകി പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നാണ് സേനയ്ക്കുള്ളിലെ അഭിപ്രായം.