തിരുവനന്തപുരത്തെ ഭൂമി തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടിയിലേറെ രൂപ. തട്ടിപ്പിന് നേതൃത്വം കൊടുത്തത് വ്യവസായി അനില്‍ തമ്പിയെന്ന് മണികണ്ഠന്‍. വ്യാജരേഖകള്‍ ചമച്ചതും സ്ത്രീകളെ ആള്‍മാറാട്ടം നടത്തിച്ചതും താനാണെന്നും മണികണ്ഠന്‍ സമ്മതിച്ചു.
തിരുവനന്തപുരം കണ്ട സമീപകാലത്തെ ഏറ്റവും വലിയ ഭൂമി തട്ടിപ്പ്. അതിന്‍റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലിന് മുന്നില്‍ ആദ്യമൊക്കെ പിടിച്ച് നിന്നെങ്കിലും പിന്നീട് തട്ടിപ്പ് സമ്മതിച്ചു. 2014ല്‍ തുടങ്ങിയ ഗൂഡാലോചനക്ക് ഒടുവിലാണ് ജവഹര്‍നഗറിലെ കോടികള്‍ വിലമതിക്കുന്ന 12 സെന്‍റ് ഭൂമിയും വീടും അടിച്ചുമാറ്റിയത്. തിരുവനന്തപുരത്തെ വ്യവസായി അനില്‍ തമ്പിയാണ് ഇതിന് തുടക്കമിട്ടതെന്നാണ് മണികണ്ഠന്‍റെ മൊഴി.
ഈ ഭൂമിയും വീടും സ്വന്തമാക്കാന്‍ അനില്‍ തമ്പി ആഗ്രഹിച്ചു. എന്നാല്‍ അമേരിക്കയിലുള്ള ഉടമ ഡോറ ക്രിപ്സ് വില്‍ക്കാന്‍ തയാറായില്ല. ഇതോടെയാണ് കള്ളത്തരത്തിലൂടെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. അതിന് വേണ്ട സഹായം തേടി അനില്‍ തമ്പി തന്നെ സമീപിച്ചതോടെയാണ് താന്‍ ഇടപെടുന്നതെന്നാണ് മണികണ്ഠന്‍ പറയുന്നത്. പിന്നീട് ഡോറയായും വളര്‍ത്തുമകളായും ആള്‍മാറാട്ടം നടത്താനുള്ള സ്ത്രീകളെ കണ്ടെത്തിയത് മണികണ്ഠനാണ്. ഭൂമി വാങ്ങുന്നയാളായി ചന്ദ്രസേനനെന്നയാളെ കണ്ടെത്തിയതും മണികണ്ഠന്‍ തന്നെ.
ഭൂമി കൈമാറ്റത്തിന്‍റെ വ്യാജ ആധാരങ്ങളും മണികണ്ഠന്‍ തന്‍റെ ആധാരമെഴുത്ത് സ്ഥാപത്തില്‍ തയാറാക്കി. ഇത്തരം തട്ടിപ്പുകള്‍ക്കായി അനില്‍ തമ്പി ഒരു കോടി പത്ത് ലക്ഷം രൂപ തനിക്ക് തന്നെന്നും മണികണ്ഠന്‍ സമ്മതിക്കുന്നു. മണികണ്ഠനെ റിമാന്‍ഡ് ചെയ്ത പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരും. ഒളിവിലുള്ള അനില്‍ തമ്പിയേയും ചന്ദ്രസേനനെയും പ്രതിചേര്‍ക്കും.