മാഹി പന്തക്കലിൽ വാടകവീട്ടിൽനിന്ന് 25 പവൻ സ്വർണം മോഷണം പോയ കേസിൽ അനിയൻ ബാവ എന്ന ദിനേശ് അറസ്റ്റിൽ. സ്വർണ്ണാഭരണങ്ങൾ ആറളത്തെ ദിനേശിന്‍റെ വീട്ടിൽ നിന്ന് മാഹി പൊലീസ് കണ്ടെത്തി. ദിനേശിന്‍റെ ഇരട്ട സഹോദരൻ ചേട്ടൻ ബാവ എന്ന ദിലീപിനെയും ഭാര്യയെയും പോലീസ് തിരയുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു പന്തക്കലിലെ വാടകവീട്ടിൽ താമസിക്കുന്ന രമ്യ രവീന്ദ്രന്റെയും ഷിബു കുമാറിന്റെയും വീട്ടിൽ മോഷണം നടന്നത്. മക്കളെ നോക്കാൻ നിർത്തിയിരുന്ന ഹോം നേഴ്സ് ഷൈനിയെ വീട്ടുകാർ സംശയിച്ചിരുന്നു. ഇവരുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. വീടിന്‍റെ സ്പെയർ താക്കോൽ ഷൈനിയുടെ കൈവശം ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചായിരുന്നു അകത്തു കടന്നത്. സ്വർണ്ണം കൂടാതെ സൗദി റിയാലും മോഷ്ടിച്ചിരുന്നു. ആറളം വെളിമാനം ഉന്നതിയിലെ പ്രതികളുടെ വീടിന്‍റെ പുറകുവശത്തുനിന്ന് കുഴിച്ചിട്ട നിലയിൽ 15 പവൻ സ്വർണാഭരണങ്ങൾ പോലീസ് കണ്ടെത്തി.
ഹോംനേഴ്സ് ആയ ഷൈനിയും കേസിലെ മറ്റൊരു പ്രതി ചേട്ടൻ ബാവ എന്ന ദിലീപും ഒളിവിൽ ആണെന്ന് പൊലീസ് പറഞ്ഞു. ബാക്കി സ്വർണാഭരണങ്ങൾ ഇവരുടെ കൈവശമാണ് എന്നാണ് നിഗമനം. പിടിയിലായ അനിയൻ ബാവ കാപ്പ കേസ് പ്രതിയും ആറളം സ്റ്റേഷനിൽ തന്നെ 16 ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്.