കൂടത്തായി കൂട്ടക്കൊലകേസില്‍ നിര്‍ണായകമൊഴിയുമായി ഫോറന്‍സിക് സര്‍ജന്‍. ഒന്നാം പ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് കൊല്ലപ്പെട്ട റോയി തോമസിന്‍റെ ശരീരത്തില്‍ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ടെന്ന് ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍ മൊഴി നല്‍കി. രാസപരിശോധനാഫലത്തില്‍ ആന്തരികാവയവങ്ങളില്‍ നിന്നും രക്തത്തില്‍ നിന്നും സയനൈഡിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ മൊഴി നല്‍കി. 124-ാം സാക്ഷിയായ ഡോ.പ്രസന്നന്‍ ആണ് മൊഴി നല്‍കിയത്. കൂടത്തായി കൊലപാതകപരമ്പരയില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്ന ഏക കേസാണിത്.
കോഴിക്കോട് കൂടത്തായിയിൽ 2002 മുതൽ 2016 വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയതാണ് കേസ്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്(40), റോയിയുടെ മാതാപിതാക്കളായ റിട്ട. അധ്യാപിക പൊന്നാമറ്റം അന്നമ്മ(60), റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ് (66), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ(68), ടോം തോമസിന്റെ സഹോദരപുത്രനും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്കറിയയുടെ ഭാര്യ സിലി(44), മകൾ ആൽഫൈൻ(2) എന്നിവരെയാണ് ജോളി ഭക്ഷണത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തിയത്. കടലക്കറിയിൽ സയനൈഡ് കലർത്തിയാണ് ജോളി ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്.
റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിലൂടെയാണ് നാടിനെ നടുക്കിയ കൊലപാത പരമ്പര പുറംലോകമറിയുന്നത്. പിന്നാലെ 2019 ഒക്ടോബർ അഞ്ചിന് കോഴിക്കോട് റൂറൽ പൊലീസ് ജോളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ മാസം ആദ്യം ജോളിക്കെതിരെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബകോടതി അനുവദിച്ചിരുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളിയുടെയും കൂടത്തായി സ്വദേശിയായ ഷാജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു ഇത്. കൊലക്കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന ജോളി തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും കേസിലെ വിചാരണ നീളുകയാണെന്നും ചൂണ്ടിക്കാണ്ടിയായിരുന്നു ഷാജു വിവാഹമോചന ഹര്‍ജി നല്‍കിയത്. 2021 മുതല്‍ പലതവണ കേസ് പരിഗണിച്ചപ്പോഴും എതിര്‍ഭാഗം ഹാജരാവത്തതിനെ തുടര്‍ന്ന് ഷാജുവിന്‍റെ ഹര്‍ജി അംഗീകരിച്ച് കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.