ധര്‍മ്മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കുന്ന എസ്.ഐ.ടി. മകളുടെ കൊലയാളികളെ കൂടി കണ്ടെത്തണമെന്നാവശ്യപ്പെട്ടു സൗജന്യയുടെ അമ്മ രംഗത്ത്. ധര്‍മ്മസ്ഥലയില്‍ അവസാനമായി ദുരൂഹ സാഹചര്യത്തില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയാണു സൗജന്യ.
ധര്‍മ്മസ്ഥലയിലെ പുറത്തുവന്ന അധര്‍മ്മങ്ങളില്‍ ഒടുവിലെത്തേതാണു സൗജന്യയുടെ കൊല. 2012 ഒക്ടോബര്‍ 9നു ക്ലാസ് കഴിഞ്ഞു സ്നാനഘട്ടത്തിനു സമീപം ബസിറങ്ങിയ സൗജന്യയെന്ന 17കാരിയെ കാണാതായി. കുടുംബത്തിന്റെ പരാതി പോലും സ്വീകരിക്കാന്‍ തുടക്കത്തില്‍ പൊലീസ് തയാറായില്ല.
ക്രൂര ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം തൊട്ടടുത്ത ദിവസം വനത്തില്‍ കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ സന്തോഷ് റാവുവെന്ന മാനസിക വെല്ലുവിളി നേരിടുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയാളി ഇയാളല്ലന്നു കുടുംബം തറപ്പിച്ചു പറഞ്ഞെങ്കിലും പൊലീസ് മാത്രം കേട്ടില്ല. നിര്‍ണായക തെളിവുകളായ ശരീര ഭാഗങ്ങള്‍ പൂപ്പല്‍ പിടിക്കുന്നതുവരെ ലാബിലേക്കയക്കാതെയും പൊലീസ് കരുതലെടുത്തു.
9 വര്‍ഷത്തിനു ശേഷം പ്രതിയെ കോടതി വെറുതെ വിട്ടതോടെ ധര്‍മ്മസ്ഥല ഇളകി. യഥാര്‍ഥ പ്രതിയെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ തുടര്‍ന്നു കേസ് സിബിഐയ്ക്കു കൈമാറി. 2022 ല്‍ തെളിവുകളില്ലാത്തതിനാല്‍ സിബിഐയും കേസ് മടക്കി. ഈ കേസ് എസ്.ഐ.ടി അന്വേഷിക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.
'എസ്.ഐ.ടി രൂപീകരിച്ചതില്‍ സന്തോഷം ഉണ്ട്. സൗജന്യയുടെ കേസ് അതില്‍ വരില്ലെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. എല്ലാവര്‍ക്കും നീതി വേണം. ബല്‍ത്തങ്ങാടി താലൂക്കിലെ എല്ലാ കേസുകളും അന്വേഷിക്കണം. ഞങ്ങള്‍ക്കുണ്ടായ വിധി ഇനി മറ്റാര്‍ക്കും വരരുത്', സൗജന്യയുടെ അമ്മ കുസുമവതി പറഞ്ഞു. സി.ബി.ഐയ്ക്കും പ്രതികളെ കണ്ടെത്താവാത്തതാണു എസ്.ഐ.ടി അന്വേഷണ പരിധിയിയില്‍ നിന്നും ഒഴിവാക്കാന്‍ കാരണം.