സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്ക് എത്തിയ പെണ്‍കുട്ടിയ വഴിയില്‍ നിന്നും പിന്തുടര്‍ന്ന് പിന്നാലെ എത്തിയ ശേഷം പിടിച്ചുവച്ച് ബലമായി ചുംബിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. മുഹമ്മദ് മറൂഫ് ഷരീഫെന്നയാളാണ് അറസ്റ്റിലായത്.
വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിതിനായി ഗോവിന്ദാപുരയിലെ കടയിലേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. കടയ്ക്കു മുന്നില്‍ സ്കൂട്ടര്‍ വച്ച് ഇറങ്ങിയതിന് പിന്നാലെയാണ് പിന്നിലൂടെ എത്തിയ യുവാവ് കടന്ന് പിടിച്ചതും ചുണ്ടുകളില്‍ ബലമായി ചുംബിച്ചതും. നടുങ്ങിപ്പോയ പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് പോയി വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈകാതെ ഷരീഫ് പിടിയിലാകുകയായിരുന്നു. ലൈംഗിക അതിക്രമത്തിനും പൊതുവിടത്തില്‍ അപമര്യാദയായി പെരുമാറിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.
ജൂണ്‍ ആറിനും ബെംഗളൂരുവില്‍ സമാന സംഭവം ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കൊപ്പം മില്‍ട്ടന്‍ പാര്‍ക്കിലൂടെ നടന്നു പോയ യുവതിയ ഒരാള്‍ കടന്നു പിടിക്കുകയും ചുണ്ടുകളില്‍ ചുംബിക്കുകയും ചെയ്തു. പിടിച്ചു നിര്‍ത്തി ഇയാളെ യുവതി ചോദ്യം ചെയ്തപ്പോള്‍ 'വേറെ ആരോട് പറഞ്ഞിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടാകില്ല' എന്നായിരുന്നു കുതറി ഓടുന്നതിനിടെ അയാളുടെ മറുപടി.