ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് കണ്ണമ്പ്ര സ്വദേശി നേഘയുടേത് കൊലപാതകമല്ലെന്ന സൂചനയിൽ പൊലീസ്. തൂങ്ങി മരിച്ചതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ രാത്രിയിലാണ് ആലത്തൂർ തോണിപ്പാടത്തെ ഭർത്താവ് പ്രദീപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
ബുധനാഴ്ച രാത്രി 12.20 ഓടെയാണ് നേഘയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അറിയിച്ചു പ്രദീപിന്റെ കുടുംബം നേഘയുടെ അമ്മയെ വിളിക്കുന്നത്. കുഴഞ്ഞു വീണെന്നായിരുന്നു പറഞ്ഞത്. പിന്നാലെ മരണപ്പെട്ടു എന്നും പറഞ്ഞു. മരണത്തിൽ കഴുത്തിൽ പാട് കണ്ട് അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പൊലിസിനെ വിവരമറിയിച്ചു. നേഖയെ പ്രദീപ് കൊലപ്പെടുത്തിയതാണെന്നായിരുന്നു ആരോപണം
എന്നാൽ യുവതി തൂങ്ങി മരിച്ചതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരം. കൊലപാതകത്തിന്റെ സൂചനകൾ ശരീരത്തിലില്ല. ആറു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മക്കളില്ലെന്ന പേരിലായിരുന്നു ആദ്യം പീഡനമെന്ന് കുടുംബം പറയുന്നുണ്ട്. കോയമ്പത്തൂരിലെ സ്വകാര്യ ടെക്സ്റ്റൈൽ കമ്പനിയിൽ ജോലി ചെയ്തു വരുന്ന പ്രദീപ് ആഴ്ചയിൽ ഒരു ദിവസം വീട്ടിലെത്തും. ആ ദിവസങ്ങളിലെല്ലാം നേഘയെ മ൪ദിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. എന്താണ് ആത്മഹത്യക്കു പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദീപിനെ കസ്റ്റടിയിലെടുത്തു ചോദ്യം ചെയ്തു വരുന്നുണ്ട്.