കോഴിക്കോട് കൊയിലാണ്ടിയില്‍ ലഹരിമാഫിയ സംഘം മധ്യവയസ്കനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നു. സംഭവത്തില്‍ മുചുകുന്ന് സ്വദേശി നവജിത്ത്, ബാലുശേരി സ്വദേശി വിഷ്ണുപ്രസാദ് എന്നിവരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരുക്കേറ്റ കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഇസ്മയിലിനെ പഴയ റെയില്‍വേ ഗേറ്റിന് സമീപം തടഞ്ഞുനിര്‍ത്തി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. റെയില്‍ പാളത്തില്‍ വെച്ചായിരുന്നു ആക്രമണം. പ്രതികള്‍ ആവശ്യപ്പെട്ട പണം നല്‍കാത്തത് ആണ് ആക്രമണത്തിന് കാരണം. തുടര്‍ന്ന് ഇസ്മയിലിന്‍റെ മൊബൈല്‍ഫോണുമായി അക്രമിസംഘം കടന്നുകളയുകയായിരുന്നു. വിജനമായ പ്രദേശമായതിനാല്‍ സംഭവം പുറത്തറിയാനും വൈകി. കരിങ്കല്ല് ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇസ്മയിലിന്‍റെ തലയ്ക്കും മുഖത്തും പരുക്കേറ്റു. പല്ലും ഇടിച്ച് തെറുപ്പിച്ചു. സംഭവസ്ഥലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്ന് പൊലീസ് പറഞ്ഞു.