കുഴഞ്ഞുവീണ യുവതിക്ക് സിപിആര്‍ നല്‍കുന്നതിനിടെ യുവാവ് മാറിടത്തില്‍ സ്പര്ശിച്ചതിലായി പരാതി. ചൈനയിലെ മധ്യഹനാന്‍ പ്രവിശ്യയിലാണ് സംഭവം. ഹെങ്യാങ്ങിലെ ഒരു തെരുവില്‍ കുഴഞ്ഞുവീണ സ്ത്രീയ്ക്ക് സിപിആര്‍ നല്‍കാനെത്തിയ യുവാവ് അവരുടെ മാറിടത്തില്‍ ലൈംഗിക താല്പര്യത്തോടെ സ്പര്‍ശിച്ചതായാണ് ആരോപണം. സംഭവത്തില്‍ 42കാരനായ ചൈനീസ് യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്.
കുഴഞ്ഞുവീണ സ്ത്രീയെ സഹായിക്കാന്‍ ആദ്യം ഓടിയെത്തിയത് ഒരു വനിതാ ഡോക്ടറാണ്. അവര്‍ സ്ത്രീയ്ക്ക് സിപിആര്‍ നല്കാന് തുടങ്ങി. ഏറെനേരം ശ്രമിച്ച് തളര്‍ന്നപ്പോള്‍ ഡോക്ടര്‍ സഹായത്തിനായി മറ്റുള്ളവരെ വിളിച്ചു. ഇതോടെ പാന്‍ എന്നുവിളിക്കുന്ന യുവാവ് സഹായത്തിനായി മുന്നോട്ടുവരികയായിരുന്നു. ഇരുവരും ചേര്‍ന്ന് പത്ത് മിനുറ്റോളം സിപിആര്‍ നല്കി.
ഇതിനിടെ ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇതു കണ്ടതോടെ ചിലര്‍ യുവാവിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്തുകൊണ്ട് രംഗത്തെത്തി. സിപിആര്‍ നല്കുന്ന സമയത്ത് അയാളുടെ കൈവയ്ക്കല്‍ അനുചിതമാണെന്ന് ചിലര്‍ ആരോപിച്ചു. ലൈംഗിക താല്പര്യത്തോടെ അബോധാവസ്ഥയിലായിരുന്ന സ്ത്രീയുടെ മാറിടത്തില്‍ യുവാവ് സ്പര്‍ശിച്ചതായും പരാതി വന്നു. ഇതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായത്.