തന്നെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ലെന്ന കാരണത്താല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. ഡല്‍ഹി, നിഹാൽ വിഹാറിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മുഹമ്മദ് ഷാഹിദ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷാഹിദിന്‍റെ ഭാര്യ ഫർസാന ഖാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ജൂലൈ 20 ന് വൈകുന്നേരം 4.15 ഓടെയാണ് നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലേക്ക് ഒരു പ്രാദേശിക ആശുപത്രിയിൽ നിന്ന് ഫോണ്‍ കോള്‍ ലഭിക്കുന്നത്. ദേഹമാസകലം കുത്തേറ്റ ഭര്‍ത്താവുമായി ഒരു സ്ത്രീ ആശുപത്രിയില്‍ എത്തിയെന്നായിരുന്നു ഫോണ്‍ കോള്‍. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
ആശുപത്രിയിലെത്തിയ പൊലീസിനോട് കടബാധ്യതമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്നായിരുന്നു ഫര്‍സാന അവകാശപ്പെട്ടത്. എന്നാല്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുറിവുകൾ സ്വയം ഏൽപ്പിച്ചതാകാൻ സാധ്യതയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മുന്നിൽ നിന്ന് ആരോ ആക്രമിച്ചതാകാമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പൊലീസ് കൊലക്കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യയുടെ മൊബൈൽ ഫോണിന്‍റെ ഫോറൻസിക് പരിശോധനയിലും ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററി പരിശോധിച്ചതിലും ഇവര്‍ ഉറക്ക ഗുളികകൾ ഉപയോഗിച്ച് എങ്ങിനെ ഒരാളെ ഇല്ലാതാക്കാമെന്ന് സെര്‍ച്ച് ചെയ്തതായി പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ യുവാവിന്‍റെ ഭാര്യ കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവുമായുള്ള തന്‍റെ ലൈംഗിക ബന്ധത്തില്‍ തൃപ്തി ലഭിക്കുന്നില്ലെന്നും ഷാഹിദിന്‍റെ ഓൺലൈൻ ചൂതാട്ടം മൂലം കുടുംബം കടബാധ്യതയിലാണെന്നും അതിനാൽ അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. ബറേലിയിൽ താമസിക്കുന്ന ഭർത്താവിന്‍റെ ബന്ധുവുമായി തനിക്ക് ബന്ധമുണ്ടെന്നും ഫർസാന സമ്മതിച്ചിട്ടുണ്ട്.
ഷാഹിദിനെ നെഞ്ചിൽ മൂന്ന് തവണ കുത്തിയ ശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ആത്മഹത്യാ കഥ കെട്ടിച്ചമച്ചത്. സംഭവത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.