ധർമ്മസ്ഥലയിൽ നൂറ്‌ കണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ ദുരൂഹസാഹചര്യത്തിൽ സാംസ്‌കരിച്ചെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാൻ  പ്രത്യേക സംഘം രൂപീകരിച്ച് കർണാടക. ഡിജിപി ഡോ.പി മൊഹന്തിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. വനിതാ ഐ പി എസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്

ധർമസ്തലയിലെ  മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്ന് ഒരു മാസം തികയാൻ രണ്ടു ദിവസം ബാക്കി നിൽക്കെയാണ്  എസ് ഐ ടി രൂപീകരിക്കാൻ സർക്കാർ തയ്യാറായത്. കേസ് അന്വേഷണത്തിനു  നിലവിൽ നേതൃത്വം നൽകുന്ന ദക്ഷിണ കന്നഡ എസ് പിയുടെ റിപ്പോർട്ടിന്റെ കൂടെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി. ഡി ജി പി പ്രണബ് മൊഹന്തിയാണ് അന്വേഷണസംഘത്തലവൻ.

ഐജി എം എൻ അനുചേത്, ഡിസിപി സൗമ്യലത, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവർ അംഗങ്ങളാണ്.  വെളിപ്പെടുത്തൽ പുറത്തായതിനു പിന്നാലെ കേസ് അന്വേഷണം പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കർണാടക വനിതാ കമ്മീഷൻ സർക്കാരിന്  കത്ത് നൽകിയിരുന്നു. കൂടാതെ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് വി ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ ഉള്ള അഭിഭാഷക സംഘം മുഖ്യമന്ത്രി സിദ്ധാരാമയ്യയെ കണ്ടു എസ് ഐ.ടി വേണമെന്ന് ആവശ്യപെട്ടിരുന്നു. 

വെളിപ്പെടുത്തൽ നടത്തിയ തൊഴിലാളിയിൽ നിന്നും വിശദമായ മൊഴി എടുക്കും. ഇയാൾ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി അടുത്ത ദിവസം അപേക്ഷ നൽകും. തുടർന്നാകും കുഴിച്ചിട്ട സ്ഥലം  എന്ന് പറയപ്പെടുന്ന  ഇടങ്ങൾ കുഴിച്ചു പരിശോധിക്കുന്നതടക്കം തീരുമാനിക്കുക. 

ENGLISH SUMMARY:

Karnataka Government to set up SIT probe into Dharmasthala murders