ഷാര്‍ജയില്‍ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ് സതീഷ്. താന്‍ അതുല്യയെ ഉപദ്രവിച്ചുവെന്നത് ശരിയാണെന്നും എന്നാല്‍ അതുല്യ മരിച്ചതിന് പിന്നില്‍ താന്‍ അല്ലെന്നും സതീഷ് പറയുന്നു. സംഭവം നടക്കുമ്പോൾ താൻ പുറത്ത് ആയിരുന്നുവെന്നും തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സതീഷ് പറഞ്ഞു. ഫ്ലാറ്റിന് ഒറ്റ ചാവിയെ ഉണ്ടായിരുന്നുള്ളൂവെന്നും അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കാല് മടങ്ങിയ നിലയിലായിരുന്നെന്നും സതീഷ് പറഞ്ഞു. ചവിട്ടാവുന്ന ഉയരത്തിലാണ് തൂങ്ങിയതെന്നും മൂന്നു പേര് പിടിച്ചാല്‍ അനങ്ങാത്ത കട്ടില് പൊസിഷന്‍ മാറിക്കിടന്നിരുന്നത് പിന്നീട് ശ്രദ്ധയില്‍പ്പെട്ടെന്നും ഇയാള്‍ പറയുന്നു.
അതുല്യയ്ക്ക് ജോലിക്ക് പോകാനുള്ളതെല്ലാം താന്‍ ചെയ്തിരുന്നു. താന്‍ ഇടയ്ക്ക് മദ്യപിക്കാറുണ്ട്. പുറത്തു പോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഫെയ്സ്ബുക്ക് പോസ്റ്റ് താന്‍ തന്നെയാണ് ഇട്ടത്. താനും ആത്മഹത്യാ ശ്രമം നടത്തിയെന്നും സതീഷ് പറഞ്ഞു. ഇന്നലെ അതേ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായും സതീഷ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സതീഷ് സ്കൂള്‍ ഗ്രൂപ്പുകളില്‍ സന്ദേശം അയച്ചിരുന്നു.
‘ഞാന്‍ അവള്‍ക്ക് വേണ്ടി ജീവിച്ചവനാണ്, അവള്‍ക്ക് എന്തൊക്കെയോ പ്രശ്നമുണ്ടായിരുന്നു, എന്നോട് കുറെയായി മിണ്ടുന്നില്ലായിരുന്നു, എനിക്ക് അവളെ ഇഷ്ടമാണ്, ഞാനും ചാകാന്‍ വേണ്ടി ഫാനില്‍ തൂങ്ങിയിരുന്നു, ഇപ്പോള്‍ നടന്നിരിക്കുന്നത് കൊലപാതകമാണെന്ന് സംശയമുണ്ട്. ഞാന്‍ അവളെ ഉപദ്രവിച്ചിരുന്നു, എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഇല്ലാ, ഞാന്‍ ഒറ്റയ്ക്കാണ്, എന്റെ നാല്പതാം വയസില്‍ ഒരു കുഞ്ഞ് ഉണ്ടായി. അതിനെ അവള് അബോര്ഷന് ചെയ്തു, ഞാന്‍ നിരപരാധിയാണ് ’ അതുല്യയുടെ ഭര്‍ത്താവ് പറയുന്നു.
അതേസമയം അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഇയാള്‍ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോകള്‍ പുറത്ത് വന്നു. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്.