ട്യൂഷന് പോയില്ലെന്ന കാരണം പറഞ്ഞ് അഞ്ചാം ക്ലാസുകാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം പോത്തന്‍കോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ചൂരല്‍ കൊണ്ടുള്ള അടിയില്‍ കൈ കാലുകള്‍ പൊട്ടിയ കുട്ടി അച്ഛന്‍റെ വീട്ടിലെത്തി ആക്രമണ വിവരം തുറന്നു പറയുകയായിരുന്നു.

അടികൊണ്ട് നിലത്ത് വീണിട്ടും കഴുത്തിൽ കുത്തിപ്പിടിച്ച് ഇരുവരും വീണ്ടും കുട്ടിയെ അടിച്ചെന്നാണ് പരാതി. ആണ്‍സുഹൃത്തിനൊപ്പം അമ്മ താമസിക്കുന്ന ചെമ്പഴന്തിയിലെ വീട്ടില്‍ വച്ചാണ് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ആക്രമിച്ചത്. ട്യൂഷന് പോയില്ലെന്നതും അമ്മയുടെ സുഹൃത്തിനെ ഇഷ്ടമല്ലെന്ന് പറഞ്ഞതും ആക്രമണത്തിന്‍റെ തോത് കൂട്ടി. നേരത്തെയും സമാനമായ രീതിയിൽ ഉപദ്രവിച്ചെന്ന് കുട്ടി പറയുന്നു. കഴിഞ്ഞദിവസം സ്കൂളിൽ പോയ കുട്ടി മര്‍ദനം പേടിച്ച് അച്ഛന്‍റെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്നാണ് ആക്രമണ വിവരം പുറത്തറിയുന്നത്. 

കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് അമ്മ മറ്റൊരാളുമൊത്ത് താമസമാരംഭിച്ചത്. കുട്ടിയുടെ മാതാവ്, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരെയാണ് പരാതി. കഴക്കൂട്ടം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു. പരുക്കേറ്റ അഞ്ചാം ക്ലാസുകാരന്‍ എസ്.എ.ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

ENGLISH SUMMARY:

A fifth-grade student in Thiruvananthapuram was allegedly beaten with a cane by his mother and her partner for not attending tuition. The child suffered broken limbs and revealed the abuse after escaping to his father’s house. Police have filed a case against the accused, and the child is under treatment at SAT Hospital.