ഭര്‍തൃപിതാവായ ഭാസ്കര കാരണവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെറിന് കാരണവര്‍ ജയില്‍മോചിതയായി. പരോളിലായിരുന്ന ഷെറിന് ഇന്ന് വൈകുന്നേരത്തോടെ കണ്ണൂര്‍ വനിതാ ജയിലിലെത്തിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മോചന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് ഷെറിന് ജയിലിന് പുറത്തേക്ക് വഴിതെളിഞ്ഞത്. 15 വര്‍ഷവും എട്ടുമാസവും തടവ് അനുഭവിച്ചാണ് മോചനം.
മോചന ഉത്തരവില്‍ ഗവര്‍ണറുടെ ഒപ്പുവീഴുമ്പോഴും ഷെറിന് കാരണവര്‍ പരോളിലായിരുന്നു. പതിനഞ്ച് ദിവസത്തെ പരോള്‍ 22ന് അവസാനിക്കാനിരിക്കെയാണ് മോചനം. 15ന് ഇറങ്ങിയ മോചന ഉത്തരവ് അന്നുതന്നെ കണ്ണൂര്‍ വനിതാ ജയിലിലെത്തിയിരുന്നു. നടപടിക്രമങ്ങളനുസരിച്ച് വനിതാ ജയില്‍ സൂപ്രണ്ട് ഷെറിനോട് മടങ്ങിവരാന്‍ ആവശ്യപ്പെട്ടു. പരോള്‍ തീരുന്ന ദിവസം വരെ മടങ്ങിവരാന്‍ സമയമുണ്ടെങ്കിലും ഇന്നുതന്നെ ഷെറിനെത്തി. മൂന്നരയ്ക്ക് അഭിഭാഷകനൊപ്പമെത്തിയ ഷെറിന് കാരണവര്‍ നാല് മണിയ്ക്ക് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക്. പിന്നീടെങ്ങോട്ട് പോയെന്ന് വ്യക്തമല്ല. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഷെറിന്റെ വരവ് രഹസ്യമാക്കി ജയില്‍ അധികൃതര്‍ അടക്കം സവിശേഷ ശ്രദ്ധ ചെലുത്തിയതായി സൂചനയുണ്ട്.
2009 നവംബര്‍ എട്ടിനാണ് ഭര്‍തൃപിതാവായ ഭാസ്കര കാരണവരെ ഷെറിനും മറ്റു മൂന്നുപേരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് ഭര്‍തൃപിതാവ് നേരത്തെ എഴുതിയ വില്പത്രത്തില് നിന്ന് തന്നെ ഒഴിവാക്കി മറ്റൊരു വില്പത്രം തയ്യാറാക്കിയതിലെ വൈരാഗ്യവും ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാനുമായിരുന്നു കൊലപാതകം. 14 വര്‍ഷം ജീവപര്യന്തം പൂര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് മോചനനീക്കം ആരംഭിച്ചത്. ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ സര്‍ക്കാരും, സര്‍ക്കാര്‍ ഉത്തരവ് ഗവര്‍ണറും അംഗീകരിച്ചതോടെയാണ് പുറത്തേക്കുള്ള വാതില്‍ തുറന്നത്. മന്ത്രിസഭയിലെ ഒരാള്‍ക്ക് വേണ്ടിയാണ് ഷെറിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുത്തതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം പരോള്‍ ലഭിച്ച തടവുകാരി കൂടിയാണ് ഷെറിന്. 15 വര്‍ഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി അഞ്ഞൂറോളം ദിവസമാണ് ഷെറിന് പരോള്‍ ലഭിച്ചത്.