2009 നവംബര്‍ 8, ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് ഗ്രാമം അന്ന് ഉണര്‍ന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കേട്ടുകൊണ്ടാണ്. ആ നാട്ടിലെ വലിയ മുതലാളിയും പ്രമുഖനുമായ ഭാസ്കര കാരണവര്‍ കൊല്ലപ്പെട്ടു. ആ നാട്ടിലെ ഏറ്റവും വലിയ ആഡംബര ബംഗ്ളാവായ കാരണവേഴ്സ് വില്ലയിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. പതിവ് പോലെ രാവിലെ വീട്ടുജോലിക്കാരി ചായയുമായി വന്ന് വിളിച്ചിട്ടും ഭാസ്കര കാരണവര്‍ എഴുന്നേറ്റില്ല. ദേഹത്ത് തട്ടി വിളിച്ച് നോക്കിയപ്പോളാണ് മരിച്ചുകിടക്കുകയാണെന്ന് ബോധ്യമായത്. ആ കിടപ്പുമുറിയില്‍ മുളക് പൊടി ചിതറിക്കിടപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് ആദ്യം കരുതിയത്.
പക്ഷെ നാല് ദിവസംകൊണ്ട് കേസില്‍ വന്‍വഴിത്തിരിവുണ്ടായി. ഭാസ്കകാരണവരെ കൊന്നത് സ്വന്തം മകന്‍റെ ഭാര്യയായ ഷെറിനാണെന്ന് പൊലീസ് കണ്ടെത്തി. അങ്ങിനെ 2009 നവംബര്‍ 12ന് അറസ്റ്റിലായ ഷെറിന്‍ 15 വര്‍ഷവും 8 മാസവും കഴിയുമ്പോള്‍ ജയില്‍ മോചിതയാവുകയാണ്. ആ അവസരത്തില്‍ ആരാണ്? എന്തിനാണ് കൊന്നത് എന്നതടക്കം ഷെറിന്‍റെ കഥയിലേക്ക്, ഭാസ്കകാരണവര്‍ കൊലക്കേസിന്‍റെ കേസ് ഡയറിയിലേക്ക് ഒരു മടക്കയാത്ര.
ആരാണ് ഷെറിന്‍ ?
കൊല്ലം പത്തനാപുരത്തെ ഒരു നിര്‍ധന കുടുംബത്തിലെ മൂത്തമകളായിരുന്നു ഷെറിന്‍. പഠിക്കാനും കാണാനും മിടുക്കി. ഡിഗ്രി പഠനം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഭാസ്കരകാരണവരുടെ മകന്‍റെ കല്യാണ ആലോചനയെത്തി.
കാരണവരുടെ മകന്‍ ബിനു പീറ്റര്‍ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു. അതുകൊണ്ട് തന്നെ അതൊരു കല്യാണ ആലോചനയായിരുന്നില്ല. വയ്യാത്ത മകനെ നോക്കാനുള്ള ഒരാളേക്കൂടിയായിരുന്നു ഭാസ്കകാരണവര്‍ക്ക് വേണ്ടത്. വീട്ടിലെ അവസ്ഥ ധനിക കുടുംബത്തില്‍ നിന്നുള്ള ആലോചന സ്വീകരിക്കാന്‍ ഷെറിനെയും വീട്ടുകാരെയും പ്രേരിപ്പിച്ചു. അങ്ങിനെ 2001 മെയ് 21ന് ഷെറിന്‍റെ കല്യാണം കഴിഞ്ഞു.
മോഷണത്തിലൂടെ തുടക്കം
കല്യാണ ശേഷം ഷെറിനും ഭര്‍ത്താവും ഭാസ്കരകാരണവരുമെല്ലാം അമേരിക്കയിലേക്ക് പറന്നു. പിന്നീട് അഞ്ച് വര്‍ഷക്കാലം ഷെറിന്‍റെ ജീവിതം അവിടെയായിരുന്നു. ഷെറിന് അവിടെ ചെറിയ ഒരു ജോലിയും നോക്കി. അതിനിടെ കുഞ്ഞുമുണ്ടായി. 2006ലാണ് ഷെറിന്‍റെ ജീവിതം മാറിമറിഞ്ഞ് തുടങ്ങുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മോഷണത്തിന് ഷെറിന്‍ പിടിക്കപ്പെട്ടു. പണി പോയി. ഇതോടെ ഷെറിനെയും ഭര്‍ത്താവിനെയും ഭാസ്കരകാരണവര്‍ നാട്ടിലേക്ക് മടക്കി അയച്ചു.
ഓര്‍ക്കുട്ടും തേടിവരുന്ന ആണ്‍സുഹൃത്തുക്കളും
നാട്ടില്‍ മടങ്ങിയെത്തിയതോടെ കാരണവേഴ്സ് വില്ല എന്ന വലിയ വീട്ടില്‍ ഷെറിനും പൂര്‍ണ ആരോഗ്യവാനല്ലാത്ത ഭര്‍ത്താവും കൈക്കുഞ്ഞും വേലക്കാരികളും മാത്രമായി. ഇന്നത്തെ പോലെ അന്ന് വാട്സപ്പും ഇന്‍സ്റ്റഗ്രാമും സര്‍വസജ്ജമായ മൊബൈല്‍ ഫോണുകളുമൊന്നുമില്ലാത്ത കാലമായിരുന്നു. പക്ഷെ ഓര്‍ക്കുട്ട് എന്ന അന്നത്തെ സമൂഹമാധ്യമത്തില്‍ ഷെറിന് പുതിയ കൂട്ടുകള്‍ തേടി.
ഓര്‍ക്കുട്ട് നല്‍കിയ കൂട്ടുകള്‍ ഷെറിന്‍റെ ജീവിതത്തിലേക്കും കടന്നുവന്നു. അതില്‍ ചിലര്‍ ഷെറിനെ തേടി രാപ്പകല്‍ കാരണവേഴ്സ് വില്ലയിലുമെത്തി. മാസംതോറും അമേരിക്കയില്‍ നിന്ന് ഭാസ്കരകാരണവര്‍ അയക്കുന്ന പണം ആ കൂട്ടുകള്‍ക്കൊപ്പം കറങ്ങി നടന്ന് ജീവിതം ആസ്വദിക്കാനുമുള്ള മാര്‍ഗമാക്കി ഷെറിന്‍ മാറ്റി.
2007ല്‍ ഭാര്യ മരിച്ചതോടെ ഭാസ്കരകാരണവര്‍ അമേരിക്കയിലെ ജീവിതം മതിയാക്കി നാട്ടില്‍ മടങ്ങിയെത്തി. മരുകളെ തേടി പലരും വീട്ടില്‍ വരുന്നതും മരുമകളുടെ വഴിവിട്ട ജീവിതവും കണ്ടറിഞ്ഞതോടെ ഭാസ്കരകാരണവര്‍ക്ക് ഷെറിനോട് ദേഷ്യമായി. ഒരിക്കല്‍ ഒരു സുഹൃത്തിനൊപ്പം ചേര്‍ന്ന് ഭാസ്കരകാരണവര്‍ ഷെറിനെ ഉപദേശിച്ചു.
ഡാഡി ഡാഡിയുടെ കാര്യം നോക്കിയാല്‍ മതി, എനിക്കറിയാം എങ്ങിനെ ജീവിക്കണമെന്ന് പറഞ്ഞ് ഭാസ്കരകാരണവര്‍ക്ക് നേരെ അലറുകയായിരുന്നു അന്ന് ഷെറിന്‍ ചെയ്തത്. ഇതോടെ മകന്‍റെയും ഷെറിന്‍റെയും പേരില്‍ സ്വത്തുക്കളെല്ലാം എഴുതിവെച്ചിരുന്ന വില്‍പത്രം ഭാസ്കരകാരണവര്‍ റദ്ദാക്കി. ഷെറിന് വൈരാഗ്യം ഇരച്ചു കയറി. ആ വൈരാഗ്യമാണ് 65 കാരനായ ഭര്‍തൃപിതാവിനെ കൊന്ന് തള്ളാനുള്ള ഗൂഡാലോചനയിലേക്ക് വഴിതുറന്നത്.
കൊല നടന്ന രാത്രി
കുറിച്ചി സ്വദേശിയായ ബാസിത് അലിയായിരുന്നു ആ സമയം ഷെറിന്‍റെ കാമുകന്‍. ബാസിതിനെ കാരണവേഴ്സ് വില്ലയിലേക്ക് വിളിച്ചുവരുത്തി കൊലപാതകം ആസൂത്രണം ചെയ്തു. അങ്ങിനെ 2009 നവംബര്‍ 7ന് രാത്രി ബാസിത് അലിയും സുഹൃത്തുക്കളായ നിതിനും ഷാനു റഷീദും കാരണവേഴ്സ് വില്ലയിലെത്തി. ഷെറിന്‍ തന്നെ ഇവര്‍ക്ക് വാതില്‍ തുറന്ന് നല്‍കി. മുകളിലെ നിലയില്‍ ഉറങ്ങുകയായിരുന്ന ഭാസ്കരകാരണവരെ ഷെറിന്‍ ക്ളോറോഫോം ഉപയോഗിച്ച് മയക്കി. ബാസിത് അലിയും കൂട്ടരും ചേര്‍ന്ന് തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമെന്ന് വരുത്താന്‍ മുറിയിലും കട്ടിലിലുമെല്ലാം മുളകുപൊടി വിതറിയ ശേഷം ബാസിത് അലിയും കൂട്ടരും മടങ്ങി. ഷെറിന്‍ താഴത്തെ നിലയിലെ സ്വന്തം മുറിയില്‍ പോയി ഉറങ്ങി. ഒന്നും സംഭവിക്കാത്ത പോലെ രാവിലെ ഉറക്കമെണീക്കുകയും ചെയ്തു. വേലക്കാരി വന്ന് ഭാസ്കരകാരണവര്‍ മരിച്ചുകിടക്കുന്നതായി അറിയിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ് നിലവിളിച്ച ഷെറിന്‍ തന്നെയാണ് പൊലീസിനെ അറിയിച്ചതും സംസ്കാരത്തിനെല്ലാം നേതൃത്വം കൊടുത്തതും.
അതിബുദ്ധിയില്‍ കുടുങ്ങിയ ഷെറിന്‍
മോഷണത്തിന് വേണ്ടി വീട്ടില്‍ കയറിയ കള്ളന്‍ നടത്തിയ കൊലപാതകമെന്നതായിരുന്നു ഷെറിന്‍റെ വാദം. അങ്ങിനെ പൊലീസിനെ വിശ്വസിപ്പിക്കാനായി പലകാര്യങ്ങള്‍ ഷെറിന്‍ അവരോട് പറയുകയും ചെയ്തു. ഒന്നാം നിലയില്‍ ഒരു സ്ളെൈഡിങ് ജനല്‍ ഉണ്ടെന്നും അതുവഴി ആവാം കള്ളന്‍ അകത്ത് കയറിയതെന്നും ഷെറിന്‍ പറഞ്ഞു. ഒന്നാം നിലയിലെ ജനലിന്‍റെ അവിടേക്ക് കള്ളന്‍ എങ്ങിനെയെത്തിയെന്ന് പൊലീസ് ചോദിച്ചപ്പോള്‍ ഔട്ട് ഹൗസിലുള്ള ഏണി വഴി കയറിയിട്ടുണ്ടാവാം എന്നായിരുന്നു മറുപടി. പക്ഷെ അവിടം തൊട്ട് ഷെറിന് പാളിത്തുടങ്ങി.
പൊലീസ് ആ ഏണി പരിശോധിച്ചപ്പോള്‍ അത് പൊടിപിടിച്ച് കിടക്കുകയാണ്. അടുത്തകാലത്തൊന്നും ഉപയോഗിച്ചതിന്‍റെ ലക്ഷണമില്ല. ഷെറിന്‍ പറയുന്നത് കള്ളമെന്ന് പൊലീസിന് തോന്നിത്തുടങ്ങിയത് അവിടെയാണ്.
അതുമാത്രവുമല്ല, ആ വലിയ വീട്ടില്‍ രണ്ട് വലിയ നായകളുണ്ടായിരുന്നു. കൊല നടന്ന ആ ദിവസം നായകള്‍ കുരച്ചത് കേട്ടില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മാത്രവുമല്ല, പിറ്റേദിവസം താന്‍ വന്ന ശേഷമാണ് നായകള്‍ ഉറക്കം തെളിഞ്ഞതെന്ന് വേലക്കാരിയും മൊഴി നല്‍കി. ഇതോടെ നായയെ ആരെങ്കിലും മയക്കിക്കിടത്തിയോയെന്ന സംശയം പൊലീസിന് ബലപ്പെട്ടു. അകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ പുറത്ത് നിന്നൊരാള്‍ക്ക് വരാനാവില്ലെന്ന് ഉറപ്പിച്ച പൊലീസ് ഷെറിന്‍റെ ഫോണ്‍ വിളിവിവരങ്ങള്‍ പരിശോധിച്ചു. ഒരാഴ്ചക്കിടെ ഒരു നമ്പറിലേക്ക് 55 തവണ വിളിച്ചത് ശ്രദ്ധയില്‍പെട്ടു. അതാരണന്ന് അന്വേഷിച്ചപ്പോള്‍ ബാസിത് അലിയുടേതാണെന്ന് വ്യക്തമായി.
ഇതുകൂടാതെ മൃതദേഹം കണ്ട മുറിയുടെ വാതില്‍പ്പിടിയില്‍ നിന്ന് ഒരാണിന്‍റെ വിരലടയാളം ലഭിച്ചതും വഴിത്തിരിവായി. ഒടുവില്‍ കൊലയുടെ മൂന്നാം ദിവസം ഷെറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലയുടെ ചുരുള്‍ പൂര്‍ണമായും അഴിഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ബാസിത് അലിയും കൂട്ടാളികളും ഗോവയില്‍ നിന്ന് പിടിയിലായി.
ഷെറിന്‍ പുറത്ത്, കൂട്ടാളികള്‍ അകത്ത്
2011 ജനുവരി 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെയും കൂട്ടാളികളായ നാല് പേരെയും ശിക്ഷിച്ചത്. ഷെറിന് ജീവപര്യന്തവും എണ്‍പത്തയ്യായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ബാസിത് അലിയുള്‍പ്പടെയുള്ളവര്‍ക്ക് ഇരട്ട ജീവപര്യന്തവും. അങ്ങിനെ 15 വര്‍ഷം കഴിയുമ്പോള്‍ ഷെറിന്‍ മോചിതയാവുകയാണ്. പക്ഷെ കാമുകനും കൂട്ടരും ഇപ്പോഴും അഴിക്കുള്ളില്‍ തന്നെ. അവരുടെ ശിക്ഷായിളവ് പരിഗണനയില്‍ പോലും വന്നിട്ടില്ല. ഇരട്ട ജീവപര്യന്തമായതിനാല്‍ ഇനിയും 13 കൊല്ലമെങ്കിലും അവര്‍ ജയിലില്‍ തന്നെ കഴിയണം.
ആ കുഞ്ഞ് ഇന്ന് എവിടെ?
ആര്‍ഭാടവും സെക്സും ക്രൈമുമെല്ലാം നിറഞ്ഞ ഷെറിന്‍റെ വഴിവിട്ട ജീവിതം കണ്ട കാരണവേഴ്സ് വില്ല ഇന്ന് അനാഥമാണ്. കൊലയ്ക്ക് ശേഷം ആരും തന്നെ അവിടെ താമസിച്ചിട്ടില്ല. ഷെറിന്റെ മകനെയും ഭര്‍ത്താവിനെയും ബന്ധുക്കള്‍ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. കൊല നടന്ന സമയം ഷെറിന്‍റെ കുട്ടിക്ക് നാല് വയസായിരുന്നു. ഇപ്പോള്‍ ഇരുപത് വയസിനടുത്ത് പ്രായം കാണും. അവരാരും പിന്നീട് ഷെറിനെ തേടി ജയിലിലെത്തിയിട്ടില്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.