ഓടുന്ന ബസില്‍ കുഞ്ഞിന് ജന്മം നല്‍കിയ 19 കാരി പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ബസില്‍ നിന്നും പുറത്തേക്കെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് റിതിക ധേരെ, ഇവരുടെ ഭര്‍ത്താവ് എന്നവകാശപ്പെടുന്ന അൽതാഫ് ഷെയ്ഖ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അല്‍താഫിനൊപ്പമായിരുന്നു റിതിക ബസില്‍ യാത്ര ചെയ്തിരുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ചൊവ്വാഴ്ച രാവിലെ 6.30 ഓടെ പത്രി-സേലു റോഡിലാണ് സംഭവം. പെണ്‍കുട്ടിയും യുവാവും ചേര്‍ന്ന് ബസിൽ നിന്ന് തുണിയില്‍ പൊതിഞ്ഞ എന്തോ വലിച്ചെറിയുന്നത് റോഡിലൂടെ നടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടു. പരിശോധനയില്‍ പൊതിയില്‍ നവജാത ശിശുവാണെന്ന് കണ്ടെത്തിയ വഴിയാത്രക്കാരന്‍ സംഭവം ഹെല്‍പ്പ് ലൈന്‍ നമ്പറായ 112 ല്‍ വിളിച്ചറിയിച്ചു. തുണിയില്‍ പൊതിഞ്ഞ വസ്തു വലിച്ചെറിയുന്നത് ബസിന്‍റെ ഡ്രൈവറും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഭാര്യ ഛര്‍ദ്ദിച്ചതായാണ് അൽതാഫ് പറഞ്ഞത്.
വഴിയാത്രക്കാരന്‍റെ ഫോണ്‍കോളിന് പിന്നാലെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ലോക്കൽ പൊലീസ് ബസ് തടയുകയായിരുന്നു. പൊലീസ് സംഘം അൽതാഫ് ഷെയ്ഖിനെയും റിതിക ധേരെയെയും കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് സ്ലീപ്പർ കോച്ച് ബസിൽ വച്ച് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു എന്ന് സ്ഥിരീകരിച്ചത്. കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാലാണ് ഉപേക്ഷിച്ചതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. റോഡില്‍ വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചിരുന്നു.
ഇരുവരും പർഭാനിയിൽ നിന്നുള്ളവരാണെന്നും കഴിഞ്ഞ ഒന്നര വർഷമായി പൂണെയിൽ താമസിക്കുന്നുവരാണെന്നും പൊലീസ് പറഞ്ഞു. ഇരുവരും ഭാര്യാഭർത്താക്കന്മാരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പക്ഷേ ആ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ഒരു രേഖയും ഹാജരാക്കാൻ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ശേഷം പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ബിഎൻഎസ് സെക്ഷൻ 94 (3), (5) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.