കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലക്കേസിൽ വെസ്റ്റ് പൊലീസ് നാളെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. വ്യവസായി വിജയകുമാറിനെയും മീര വിജയകുമാറിനെയും കൊന്ന കേസിൽ അസംകാരനായ അമിത് ഉറാങ്ങാണ് പ്രതി.
കഴിഞ്ഞ ഏപ്രിൽ 22 ന് തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ, ഭാര്യ ഡോക്ടർ മീര വിജയകുമാർ എന്നിവരെ കൊന്ന കേസിലാണ് അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയത്. ഇവരുടെ വീട്ടിലെ ജോലിക്കാരൻ ആയിരുന്ന അസം ദീബ്രുഗഡ് സ്വദേശി അമിത് ഉറാങ്ങാണ് കേസിലെ ഏക പ്രതി. വിജയകുമാറിന്റെ ഫോണ്‍ മോഷണക്കേസിൽ ജയിലിൽ കിടന്നതിന്റെ പകയും പെൺ സുഹൃത്തുമായുള്ള ബന്ധം വഷളായതും ഉൾപ്പെടെ. മുൻ വൈരാഗത്തെ തുടർന്നായിരുന്നു കൊലപാതകം. പ്രതി കോടാലി ഉപയോഗിച്ച് ദമ്പതികളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
76 പേജുള്ള കുറ്റപത്രമാണ് വെസ്റ്റ് പൊലീസ് തയ്യാറാക്കിയത്. 65 സാക്ഷി മൊഴികളും ഉണ്ട്. കൊലപാതകത്തിന് ശേഷം മുങ്ങിയ അമിത് ഉറാങ്ങിനെ തൃശൂര്‍ മാളയിലെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിന് സമീപമുള്ള കോഴിഫോമിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇപ്പോൾ റിമാൻഡിൽ ആണ്.
സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പ്രധാനമാണ്. കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ വർഷങ്ങൾക്ക് മുമ്പ് ദുരുഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചെങ്കിലും ദമ്പതികളുടെ മരണവും മകൻറെ മരണവും തമ്മിൽ ബന്ധവുമില്ലെന്നാണ് നിലവിലെ നിഗമനം.