ഭര്‍ത്താവ് തന്നെ പ്രായപൂര്‍ത്തിയാകുംമുന്‍പ് ബലാല്‍സംഗം ചെയ്തെന്നും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നുമുള്ള പരാതിയുമായി യുവതി.ലക്നൗ സ്വദേശിനി പരുൾ കശ്യപ് ആണ് ഭർത്താവ് മുഹമ്മദ് നാസിലിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
ബലാത്സംഗം, ലവ് ജിഹാദ്, ബീഫ് കഴിക്കാൻ നിർബന്ധിക്കല്‍, ശാരീരിക പീഡനം എന്നീ ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. നാസിലുമായുള്ള ഹൈസ്‌കൂൾ സൗഹൃദത്തിനിടയിലാണ് പീഡനം ആരംഭിച്ചതെന്ന് പരുള്‍ പറയുന്നു. ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ഭാഗത്തുനിന്ന് തന്‍റെ ജീവനുനേരെ ഭീഷണി ഉള്ളതായും യുവതി പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ഭര്‍ത്താവ് നാസിൽ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും പരാതിയിലുണ്ട്.
പ്രായപൂർത്തിയാകുംമുന്‍പ് നാസിൽ തന്നെ ബലാത്സംഗം ചെയ്യുകയും നഗ്ന വിഡിയോകൾ പകര്‍ത്തി അത് ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. 2020 ഓഗസ്റ്റ് 18-ന് നതുവയിൽ വെച്ച് വിവാഹം കഴിക്കുന്നതിന് മുന്‍പ് ഇസ്ലാം മതം സ്വീകരിക്കാന്‍ അയാൾ നിർബന്ധിച്ചു.
വിവാഹശേഷവും പീഡനം തുടർന്നതായും പരുൾ പറഞ്ഞു. തന്‍റെ മുന്‍പില്‍ വെച്ച് ലൈംഗികത്തൊഴിലാളികളെ വീട്ടില്‍ കൊണ്ടുവന്നു. ഭര്‍ത്താവിന്‍റെ സഹോദരങ്ങളായ ആദിലും ഖാദറും തനിക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
2022 ജനുവരി 21 ന് പരുൾ മകൾക്ക് ജന്മം നൽകി. എന്നാല്‍ താൻ ജോലിക്കുപോകുന്നതിനെ എതിര്‍ത്ത നാസിൽ സാമ്പത്തികമായി യാതൊരു സഹായവും നല്‍കിയില്ല. മകളെ മദ്യവും കോറെക്സ് സിറപ്പും കഴിക്കാൻ നിർബന്ധിക്കുകയും മകളോട് അശ്ലീലമായി പെരുമാറുകയും ചെയ്തെന്നും യുവതി ആരോപിക്കുന്നു. തന്‍റെ താല്‍പ്പര്യത്തിന് വിരുദ്ധമായി നിസ്കരിക്കാനും ബീഫ് കഴിക്കാനും നാസിലും കുടുംബവും സമ്മര്‍ദം ചെലുത്തിയെന്നും യുവതി ആരോപിച്ചു. പോലീസിൽ പരാതി നൽകിയാൽ കുടുംബത്തെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മെഡിക്കൽ റിപ്പോർട്ടുകളും ഫൊട്ടോകളും തെളിവായി യുവതി സമർപ്പിച്ചിട്ടുണ്ട്. ഭാര്യയുടെ പരാതിപ്രകാരം പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും നിർബന്ധിത മതപരിവർത്തനത്തിനും ബലാത്സംഗത്തിനും ഹസൻഗഞ്ച് പോലീസ് നാസിലിനെതിരെ കേസെടുത്തു.