നാല് പതിറ്റാണ്ട് മുമ്പ് ഇരട്ടകൊലപാതകം നടത്തിയെന്ന് മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ രേഖാചിത്രവുമായി പൊലിസ്. കൂടരഞ്ഞിയില്‍ മരിച്ചത് ആരെന്ന് കണ്ടെത്താനാണ് തിരുവമ്പാടി പൊലിസ് രേഖാചിത്രം തയ്യാറാക്കിയത്.
മുഹമ്മദലിയില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് 1986 ല്‍ മരിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കിയത്. കൂടരഞ്ഞിയിലെ നാട്ടുകാരുമായി രേഖാചിത്രം പങ്കുവെച്ച് രൂപം ഇത് തന്നെയെന്ന് പൊലിസ് ഉറപ്പിക്കുകയും ചെയ്തു. മരിച്ചയാള്‍ ജോലി ചെയ്തിരുന്ന കൂടരഞ്ഞി സ്വദേശി ദേവസ്യയുടെ മൊഴിയും പൊലിസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളുടെ പേരോ നാടോ ആര്‍ക്കും അറിയില്ല. മരിച്ചത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണെന്നും അതല്ല പാലക്കാട് സ്വദേശിയാണെന്നും വാദങ്ങളുണ്ട്. രണ്ടിടത്തും പൊലിസ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. 36 വര്‍ഷം മുമ്പ് ഇയാളെ തോട്ടിലേയ്ക്ക് തള്ളിയിട്ടുകൊന്നുവെന്നായിരുന്നു മുഹമ്മദലിയുടെ മൊഴി. 1989 ല്‍ കോഴിക്കോട് കടപ്പുറത്ത് മറ്റൊരു കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. കൊലപാതകത്തിന് കൂട്ടാളിയായിരുന്ന കഞ്ചാവ് ബാബുവിനെ കണ്ടെത്താന്‍ പൊലിസ് ശ്രമിച്ചെങ്കിലും നടന്നില്ല. 89 ല്‍ തന്നെ നടന്നത് കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും മരിച്ചത് ആരെന്ന് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ 91ല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.