കന്നഡ സീരിയൽ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) കുത്തിപ്പരുക്കേൽപ്പിച്ച ഭര്‍ത്താവ്. കുരുമുളക് സ്പ്രേ കണ്ണില്‍ അടിച്ചതിനുശേഷമാണ് മൂന്ന് തവണ ശ്രുതിയെ ഭര്‍ത്താവ് കുത്തിയത്. കേസിൽ ഭർത്താവ് അമ്രേഷ് (49) അറസ്റ്റിലായി. ഈ മാസം നാലിനു നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  

ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ശ്രുതിയെ. ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടിൽവച്ചാണ് ശ്രുതിയെ ഭർത്താവ് അമ്രേഷ് ആക്രമിച്ചത്. ശ്രുതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിലാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. 

20 വർഷം മുൻപാണ് ഓട്ടോ ഡ്രൈവറായ അമ്രേഷിനെ ശ്രുതി വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു. ഇരുവർക്കും രണ്ടു പെൺകുട്ടികളുണ്ട്. ഹനുമന്തനഗറിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്നു മാസം മുൻപ് ശ്രുതി, അമ്രേഷുമായി വേർപിരിഞ്ഞ് സഹോദരനൊപ്പം താമസം തുടങ്ങിയിരുന്നു. പിന്നാലെ അമ്രേഷിനെതിരെ ശ്രുതി സ്ത്രീധനപീഡനത്തിന് പരാതിയും നല്‍കിയിരുന്നു. 

എന്നാല്‍ മധ്യസ്ഥതയ്ക്ക് ശേഷം ഈ മാസം മൂന്നിന് ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങി. ഇതിന്‍റെ പിറ്റേ ദിവസം, കുട്ടികൾ കോളജിൽ പോയതിനു പിന്നാലെ അമ്രേഷ്, ശ്രുതിയെ ആക്രമിക്കുകയായിരുന്നു. കുരുമുളക് സ്പ്രേ കണ്ണിലേക്ക് അടിച്ചശേഷം മൂന്നു തവണ കത്തി ഉപയോഗിച്ചു കുത്തി. വാരിയെല്ലിനും കാലിനും കഴുത്തിനും കുത്തേറ്റു. തല ചുമരിൽ ഇടിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. കൊലപാതകശ്രമത്തിനു കേസെടുത്തതിനു പിന്നാലെയാണ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:

Kannada serial actress and anchor Manjula Shruthi (38) was stabbed by her husband in a shocking incident. The attack occurred after he sprayed pepper spray into her eyes and then stabbed her three times. The accused, Amresh (49), has been arrested in connection with the case.