സൂര്യ നായകനായ തമിഴ് സിനിമ അയനില്‍ ഒരു രംഗമുണ്ട്. ലഹരിമരുന്ന് ക്യാപ്സ്യൂളുകളാക്കി വിഴുങ്ങി വയറിനുള്ളില്‍ ഒളിപ്പിച്ച് കടത്തുന്നതും ആ ക്യാപ്സ്യൂളുകള്‍ പൊട്ടി സൂര്യയുടെ സുഹൃത്തിന് അതിദാരുണമായ മരണം സംഭവിക്കുന്നതും. വിദേശത്തു നിന്ന് കോടികള്‍ വിലയുള്ള കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്ന് കടത്താന്‍ ലഹരിമാഫിയ സംഘങ്ങള്‍ പയറ്റുന്നതാണ് ഈ മാര്‍ഗം. എയര്‍പോര്‍ട്ടില്‍ കസ്റ്റംസും മറ്റും നടത്തുന്ന ദേഹ– ലഗേജ് പരിശോധനകളെ മറികടക്കാനുള്ള മാര്‍ഗം. ഈ വഴി പയറ്റിയ ബ്രസീലുകാരെ നെടുമ്പാശേരിയില്‍ ഡിആര്‍ഐ സംഘം പൂട്ടി. അതിവിദഗ്ദമായി...
ഇത്തവണ ബ്രസീലില്‍ നിന്ന്
ബ്രസീലിലെ സാവോ പോളയില്‍ നിന്നാണ് ഇത്തവണ പിടിയിലായ രണ്ടുപേരുടെയും വരവ്. രാവിലെ കൊച്ചിയില്‍ വിമാനമിറങ്ങിയ ബ്രസീലുകാരായ യുവാവിനെയും യുവതിയെയും കാത്ത് ഡിആര്‍ഐ സംഘവും എയര്‍പോര്‍ട്ടിലുണ്ടായിരുന്നു. ലഗേജും ശരീരത്തിലടക്കം പരിശോധിച്ചു. ഒരു തരി ലഹരിമരുന്ന് കണ്ടെത്താനായില്ല. വിദേശത്തു നിന്നുള്ള ലഹരിക്കടത്തിന്‍റെ മാര്‍ഗങ്ങളെല്ലാം മനപാഠമാക്കിയവരാണ് ഡിആര്‍ഐ സംഘം. ബാഗിലും വസ്ത്രത്തിലുമില്ലെങ്കില്‍ അവര്‍ ഉറപ്പിച്ചു ശരീരത്തിനുള്ളിലുണ്ടാകും. ഊഹം തെറ്റിയില്ല സ്കാനിങില്‍ രണ്ടാളുടെയും വയറിനുള്ളില്‍ കുടലില്‍ ക്യാപ്സ്യൂള്‍ രൂപത്തിലുള്ള പൊതികള്‍. ഒന്നും രണ്ടുമല്ല ചുരുങ്ങിയത് എണ്‍പത് ക്യാപ്സ്യൂളുകളുണ്ട് ഓരോരുത്തരുടെയും വയറ്റില്‍.
ഇനി കാത്തിരിപ്പ്
വയറില്‍ കണ്ടെത്തിയ ഗുളികകള്‍ പുറത്തെടുക്കലാണ് അടുത്ത ദൗത്യം. കോടതിയില്‍ ഹാജരാക്കിയ രണ്ട് പേരെയും ഗുളിക വീണ്ടെടുക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് താമസം. ഭക്ഷണവും ഉദ്യോഗസ്ഥര്‍ വാങ്ങി നല്‍കും. പഴവര്‍ഗങ്ങള്‍ കൂടുതല്‍ വാങ്ങി നല്‍കി എത്രയും പെട്ടെന്ന് ഗുളികകള്‍ പുറത്തെടുക്കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം പിടിയിലായ ടാന്‍സാനിയക്കാരെ ഒരാഴ്ചയിലേറെയാണ് ഗുളികള്‍ വീണ്ടെടുക്കാന്‍ ആശുപത്രിയില്‍ താമസിപ്പിക്കേണ്ടിവന്നത്. ഈ കേസില്‍ മൂന്ന് ദിവസത്തെ ആശുപത്രി വാസമെങ്കിലും വേണ്ടിവരുമെന്നാണ് നിഗമനം.
ഹെവി റിസ്ക്
ഒരു കിലോ കൊക്കെയിനിന് ലഹരിവിപണയില്‍ പത്ത് കോടിയിലേറെയാണ് വില. വന്‍ തോതില്‍ നിര്‍മാണം നടക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍. ഇവിടെ നിന്നാണ് ലോകത്തിന്‍റ വിവിധ ഭാഗങ്ങളിലേക്ക് മാരകലഹരിമരുന്ന് എത്തിക്കുന്നത്. ഇത്രയും കോടി മൂല്യമുള്ള ലഹരി പിടിക്കപ്പെട്ടാലുണ്ടാകുന്നത് വന്‍ സാമ്പത്തിക നഷ്ടമാണ്. ഇത് ഒഴിവാക്കാനാണ് ഹെവി റിസ്കെടുത്ത് വിഴുങ്ങിയുള്ള കടത്ത്. ലഹരി പുറത്തുവരാതിരിക്കാന്‍ ഗര്‍ഭനിരോധന ഉറകളിലോ പോളിത്തീന്‍ പൊതികളിലോ നിറച്ചാണ് ക്യാംപ്സ്യൂളുകള്‍ തയാറാക്കുന്നത്. ഇത് വിഴുങ്ങിയോ മലദ്വാരത്തില്‍ ഒളിപ്പിച്ചോ കടത്തുന്നതാണ് രീതി. ഇതില്‍ ഏതെങ്കിലും ക്യാംപ്സ്യൂളുകള്‍ പൊട്ടി ഒരു തരിയെങ്ങാനും പുറത്തായാല്‍ മരണം ഉറപ്പ്.
കമ്മിഷന്‍ ലക്ഷങ്ങള്‍
ഒരു കിലോ കൊക്കെയിന്‍ കടത്തിയാല്‍ ചുരുങ്ങിയത് പത്ത് ലക്ഷം വരെയാണ് കാരിയര്‍ക്കുള്ള കമ്മിഷന്‍. ഒരു ട്രിപ്പില്‍ രണ്ട് കിലോ വരെ ഇങ്ങനെ വിഴുങ്ങി കടത്തുന്ന എക്സ്പേര്‍ട്സ് വരെ കൂട്ടത്തിലുണ്ട്. ആദ്യമൊക്കെ പദ്ധതി വലിയ തോതില്‍ വിജയിച്ചെങ്കിലും സമീപകാലങ്ങളില്‍ പദ്ധതികളെല്ലാം പാളുന്ന മട്ടാണ്. ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ എല്ലാ വിമാനത്താവളങ്ങളിലും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. ആ പരിശോധനയില്‍ സ്കാനിങ്ങും ഉള്‍പ്പെടുത്തിയതോടെ തന്ത്രങ്ങള്‍ പാളി. 80 മുതല്‍ 200 ലഹരി ഗുളികകള്‍ വരെ ഒളിപ്പിച്ച് കടത്തിയവരെ ഡിആര്‍ഐ കഴിഞ്ഞ കാലങ്ങളില്‍ പൊക്കി.
കൊച്ചി പഴയ കൊച്ചിയില്ല
മുംബൈ, ബെംഗളൂരു, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയായിരുന്നു സംഘങ്ങളുടെ ലഹരിക്കടത്ത്. എന്നാല്‍ ഇവിടെയൊക്കെ പരിശോധന കര്‍ശനമാക്കിയതോടെ ലഹരിസംഘങ്ങള്‍ കൊച്ചിയിലേക്ക് കേന്ദ്രീകരിച്ചു. ആഫ്രിക്കയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലെത്തി അവിടെ നിന്ന് കൊച്ചിയിലെത്തി പിന്നീട് ഇവിടെ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും പോകുന്ന പുതിയ റൂട്ട്. കൊച്ചിയില്‍ പരിശോധന കുറവെന്ന ധാരണയിലായിരുന്നു ഈ നീക്കം. എന്നാല്‍ ഇവിടെയും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി. നേരത്തെ ബാഗുകളിലും സ്യൂട്ട് കേസിലും ലഹരിഅറകളില്‍ ഒളിപ്പിച്ചായിരുന്നു കടത്തെങ്കില്‍ തുടര്‍ച്ചയായി പിടിക്കപ്പെട്ടതോടെയാണ് വിഴുങ്ങാനുള്ള തീരുമാനം.
ഡിആര്‍ഐ ഹണ്ട്
ഒന്നരവര്‍ഷത്തിനിടെ കൊച്ചിയില്‍ ഡിആര്‍ഐയുടെ മൂന്നാമത്തെ ലഹരിവേട്ടയാണിത്. 2024 ജൂണില്‍ 30 കോടിയുടെ കൊക്കെയിനാണ് ടാന്‍സാനിയക്കാരായ പുരുഷനും സ്ത്രീയില്‍ നിന്നും ഡിആര്‍ഐ പിടികൂടിയത്. പുരുഷന്‍റെ വയറ്റില്‍ നിന്ന് രണ്ട് കിലോയും സ്ത്രീയുടെ വയറ്റില്‍ നിന്ന് ഒരു കിലോ എണ്ണൂറ് ഗ്രാം കൊക്കെയിനും കണ്ടെത്തി. അതിന് മുന്‍പ് ഏപ്രിലില്‍ 660 ഗ്രാം കൊക്കെയിന്‍ കടത്തിയ കെനിയന്‍ പൗരനെയും പിടികൂടിയിരുന്നു.