TOPICS COVERED

വയനാട് ബത്തേരി ഹേമചന്ദ്രന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതി നൗഷാദുമായി പൊലീസ് സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. മൃതദേഹം കാറിൽ വച്ച് ബത്തേരി-ചുള്ളിയോട് ഭാഗത്തെ തിരക്കില്ലാത്ത വഴിയിലൂടെയാണ് അതിർത്തി കടത്തി തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചുമൂടിയത്.

ബത്തേരി ബീനാച്ചിയിൽ നൗഷാദിന്റെ വീടിന്  തൊട്ടടുത്തുള്ള വീട്ടിൽവച്ചാണ് കൊലപാതകം നടന്നത്. വിൽക്കാൻ നൗഷാദിനെ ഏൽപ്പിച്ച വീടായിരുന്നു ഇത്. ഇവിടേക്ക് എത്തിച്ച ഹേമചന്ദ്രനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ്. കൃത്യത്തിന് ശേഷം വീടിന്‍റെ പിൻഭാഗത്ത് കൂടിയാണ് രാത്രി മൃതദേഹം കാറിലേക്ക് കയറ്റിയത്. ബത്തേരിയിൽ നിന്ന് ചുള്ളിയോടു കടന്ന് ചെക്പോസ്റ്റ് ഉള്ള വഴിക്ക് പകരം മറ്റൊരു വനപാതയാണ് തിരഞ്ഞെടുത്തത്. എരുമാട് വഴി അതിർത്തി കടന്ന് തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽ മൃതദേഹം കുഴിച്ചിട്ടു.

ബത്തേരിയിലെ വീട്ടിലും ചേരമ്പാടിയിലും കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നൗഷാദിനെ എത്തിച്ച് തെളിവെടുത്തു. മൃതദേഹം മറവ് ചെയ്യാനായി പഞ്ചസാരയും ചാക്കും വാങ്ങിയ കടകളിലും പ്രതിയെ എത്തിച്ചു. മൃതദേഹം കുഴിച്ച് മൂടാൻ സഹായിച്ച രണ്ട് പേർ ഉൾപ്പെടെ കേസിൽ നാലു പേരാണ് ഇതുവരെ അറസ്റ്റിയത്. ഗുണ്ടൽപേട്ടിൽ പ്രതികളെ സഹായിച്ച സ്ത്രീയിലേക്ക് ഉൾപ്പെടെ അന്വേഷണം നീളും. അതേസമയം, ആത്മഹത്യ ചെയ്ത ഹേമചന്ദ്രനെ കുഴിച്ചിട്ടുവെന്ന മൊഴി ആവർത്തിക്കുകയാണ് പ്രതി നൗഷാദ് .

ENGLISH SUMMARY:

In the Hemachandran murder case from Wayanad's Bathery, police completed evidence collection with prime accused Naushad. The body was transported in a car through a deserted route and buried in Tamil Nadu's Cherambadi forest area.