സമൂഹമാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ 22 കാരൻ കർണാടക പൊലീസിന്റെ പിടിയിൽ. രാജാക്കാട് സ്വദേശി അദ്വൈതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ സേവനങ്ങളും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്താണ് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തത്.
ഇരുപത് ലക്ഷം രൂപയുടെ തട്ടിപ്പ് ഓൺലൈനിലൂടെ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കർണാടക ഗാഥായി സൈബർ പൊലീസ് ഇടുക്കിയിലെത്തി അദ്വൈതിനെ അറസ്റ്റ് ചെയ്തത്. കർണാടകയിലെ വിവിധയിടങ്ങളിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയെന്നാണ് സൂചന. വിവിധ സ്റ്റേഷനുകളിൽ അദ്വൈതിനെതിരെ പരാതികളുണ്ട്.
പണം നിക്ഷേപിച്ചിരട്ടിയാക്കൽ, വിദേശത്ത് ജോലി, സമൂഹമാധ്യമങ്ങളിലൂടെ ബിസിനസ് പ്രമോഷൻ തുടങ്ങി നിരവധി വാഗ്ദാനങ്ങൾ ചെയ്തണ് അദ്വൈതിന്റെ നേതൃത്വത്തിലുള്ള സംഘം പണം തട്ടിയത്. കർണാടകയിൽ പഠിക്കുന്ന വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് രൂപീകരിച്ചാണ് പണം സ്വീകരിച്ചത്. കർണാടകയിലെ വലിയ തട്ടിപ്പ് സംഘവുമായി പ്രതിക്ക് ബന്ധമുണ്ടെന്നാണ് സൂചന. വാഹന കച്ചവടം ചെയ്യാനെന്ന പേരിലാണ് അദ്വൈത് കർണാടകയിലെത്തിയത്.