പത്മജും ഭര്‍ത്താവ് ഹരീഷും.
പിഞ്ചുമക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ തല്ലിച്ചതച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. നടുക്കുന്ന സംഭവം പൊലീസിനോട് വിവരിച്ചത് മൂന്നര വയസ്സുകാരി. ബെംഗളൂരുവിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതി ഹരീഷ് കുമാര്‍ (33) പൊലീസ് പിടിയിലായി. ഇയാളുടെ ഭാര്യ പത്മജ(29)യാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസപുര സ്വദേശികളാണ് ഇരുവരും. കുടുംബപ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്.
ദമ്പതികള്‍ക്ക് മൂന്നരയും ഒന്നരയും വയസ്സ് പ്രായമുള്ള രണ്ട് പെണ്മക്കളാണുള്ളത്. മിക്ക ദിവസങ്ങളിലും ഹരീഷ് വീട്ടില്‍ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടാറുണ്ടെന്നാണ് മൂന്നര വയസ്സുള്ള കുഞ്ഞ് പൊലീസിനോട് പറഞ്ഞത്. സംഭവദിവസം നടന്ന കാര്യങ്ങളത്രയും പൊലീസിനോട് പറഞ്ഞതും ഈ കുഞ്ഞാണ്. ഹരീഷിന്റെ ക്രൂര മര്‍ദനമേറ്റ് ബോധരഹിതയായി കിടന്ന പത്മജയെ സഹോദരനെത്തിയാണ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുന്‍പ് തന്നെ പത്മജ മരിച്ചിരുന്നു. ദേഹമാസകലം ചതഞ്ഞ പാടുകളും കഴുത്തില്‍ ബലമായി അമര്‍ത്തിപ്പിടിച്ചതുപോലെയുള്ള പാടും ശ്രദ്ധിച്ച ആശുപത്രി അധികൃതര്‍ സംശയം തോന്നി വിവരം പൊലീസില്‍ അറിയിച്ചു.
പൊലീസെത്തിയപ്പോള്‍ ഭാര്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ചതാണെന്ന് ഹരീഷ് പറഞ്ഞു. എന്നാല്‍ മൂന്നര വയസ്സുള്ള മകളോട് ചോദിച്ചപ്പോള്‍ നടന്ന കാര്യങ്ങളെല്ലാം കുഞ്ഞ് പറഞ്ഞു. ‘അച്ഛന് അമ്മയെ തല്ലി. അമ്മയുടെ കഴുത്തില്‍ കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു. പിന്നെ അമ്മ ഉണര്‍ന്നില്ല’ എന്നാണ് ആ കുഞ്ഞ് പൊലീസിന് നല്കിയ മൊഴി. ഇതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പിന്നീട് അറിയിച്ചു.
സിവില്‍ എന്‍ജിനിയറുമാരായി ജോലി ചെയ്യുകയായിരുന്നു ഹരീഷും പത്മജയും. വിവാഹം കഴിഞ്ഞതോടെ അഞ്ചുവര്‍ഷം മുന്‍പാണ് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറിയത്. പ്രശ്നങ്ങളില്ലാതെ പോയിരുന്നു ദാമ്പത്യമായിരുന്നു. പക്ഷേ കുറച്ചിടെയായി ഹരീഷ് അമിത മദ്യപാനം തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പത്മജയെ സ്ത്രീധനത്തിന്റെ പേരില്‍ ഹരീഷ് മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കൊല നടന്ന അന്ന് ഹരീഷും പത്മജയും തമ്മില്‍ വഴക്കാണെന്നറിഞ്ഞ് പത്മജയുടെ സഹോദരന് ഇവരുടെ വീട്ടിലേക്ക് എത്തി. കാണുന്നത് ബോധമറ്റ് കിടക്കുന്ന സഹോദരിയെ. തൊട്ടടുത്ത് ഹരീഷ് ഇരിപ്പുണ്ടാരുന്നു. ഉടന്‍ തന്നെ പത്മജയെ സഹോദരന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കപ്പെട്ടു.