TOPICS COVERED

പ്രേതബാധയൊഴിപ്പിക്കാനെന്ന് പറഞ്ഞ് മധ്യവയസ്കയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. കൊല്ലപ്പെട്ട 45കാരിയുടെ മകനടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരമര്‍ദനം. മണിക്കൂറുകളോളം ഗീതമ്മ എന്ന സ്ത്രീ ക്രൂരമര്‍ദനത്തിന് ഇരയായി എന്നാണ് വിവരം. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹൊസ ഗാംബ്രഗട്ട സ്വദേശിയാണ് ഗീതമ്മ. ഇവരുടെ ബന്ധുവായ ആശ എന്ന യുവതിയും ഭര്‍ത്താവ് സന്തോഷും കഴിഞ്ഞ ഞായറാഴ്ച ഹൊസ ഗാംബ്രഗട്ടയിലെത്തിയിരുന്നു. രാത്രി ഒന്‍പതരയോടെ എത്തിയ ഇവര്‍ ഗീതമ്മയുടെ മകന്‍ സഞ്ജയോട് അമ്മയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധയൊഴിപ്പിക്കാന്‍ തങ്ങള്‍ സഹായിക്കാമെന്നും പറഞ്ഞ് വീടിനു മുന്നില്‍ അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തണമെന്ന് സഞ്ജയോട് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ അതിക്രൂരമായ മര്‍ദനമുറയടക്കം ഗീതമ്മയ്ക്കുമേല്‍ ആശയും സന്തോഷും പ്രയോഗിച്ചു. മകന്‍ സഞ്ജയാകട്ടെ ഒരു കാഴ്ചക്കാരനായി നിന്നു.

ചൊവ്വാഴ്ച രാത്രി മുഴുവന്‍ ഗീതമ്മയെ വീടിനു മുന്നില്‍ ഉടുത്തിരുന്ന സാരിയടക്കം ഉരിഞ്ഞ് ഇവര്‍ തല്ലിച്ചതച്ചു. ശേഷം പുലര്‍ച്ചെ വീടിനടുത്തുള്ള ചൗദമ്മ ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. വീട്ടില്‍ നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരം ഗീതമ്മയെ വലിച്ചിഴച്ചു. ശേഷം ക്ഷേത്രത്തിനടുത്ത് വച്ച് കയ്യില്‍ കരുതിയ വടികൊണ്ട് ആശ ഗീതമ്മയെ തല്ലിച്ചതച്ചു. ഇതിനിടെ ദാഹജലത്തിനായി ഗീതമ്മ മകനോട് കെഞ്ചിചോദിക്കുന്നുണ്ടെങ്കിലും ആരും അത് ശ്രദ്ധിക്കുന്നില്ല. 

വലിയൊരു കല്ലില്‍ ആശ ഗീതമ്മയുടെ തലകൊണ്ടിടിപ്പിച്ച ശേഷം ശരീരത്തിലേക്ക് വെള്ളം കോരിയൊഴിച്ചു. ഇതോടെ ഗീതമ്മ ബോധംകെട്ടുവീണു. ഇനി ഗീതമ്മയെ വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോളൂ പ്രേതബാധ വിട്ടൊഴിഞ്ഞുവെന്ന് ആശ സഞ്ജയോട് പറഞ്ഞു. എന്നാല്‍ വീട്ടിലെത്തിയപ്പോഴേക്കും ഗീതമ്മയുടെ ആരോഗ്യാവസ്ഥ വളരെയധികം മോശമായിരുന്നു. തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഗീതമ്മയെ മകന്‍ കൊണ്ടുപോയി പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ ഗീതമ്മയുടെ മറ്റ് മക്കള്‍ പൊലീസില്‍ പരാതി നല്‍കി. സഞ്ജയ്, ആശ, സന്തോഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. ഗീതമ്മയ്ക്ക് ചില മാനസിക പ്രശ്നങ്ങള്‍ അടുത്തിടെയായി ഉണ്ടായിരുന്നവെന്നും സഞ്ജയോട് അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞിരുന്നതാണെന്നും ഒരു ബന്ധു പൊലീസിന് മൊഴി നല്‍കി. ‘അധികമൊന്നുമില്ല, വെറും പതിനഞ്ച് ദിവസങ്ങളായി ഗീതമ്മയില്‍ ചില പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഇക്കാര്യം സഞ്ജയോട് സൂചിപ്പിച്ചു. ചികിത്സ തേടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ പ്രേതബാധയാണെന്ന് കരുതി ആ വഴിക്ക് നീങ്ങി. ഈ സംഭവം നടക്കുന്നതിന് നാലുദിവസം മുന്‍പും അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകണം, എല്ലാം ശരിയാകും എന്ന് പറഞ്ഞതാണ്. ശിവമോഗയിലെ ഒരു ഡോക്ടറെക്കുറിച്ചും പറഞ്ഞതാണ്. പക്ഷേ അവന്‍ ആശയെയാണ് വിശ്വസിച്ചത്. അതാണ് ഇതിനെല്ലാം കാരണം’ എന്നാണ് ബന്ധുവിന്‍റെ പ്രതികരണം.

ENGLISH SUMMARY:

A 45-year-old woman in Karnataka’s Shivamogga district died early on Monday morning after she was allegedly assaulted for hours as part of an exorcism ritual, the police said on Tuesday. Three people, including her son, have been arrested on murder charges, the police added. The police identified the victim as Geethamma, a resident of Hosa Jambraghatta village, and the arrested accused as her son, Sanjay, her distant relative, Asha, and Asha’s husband, Santosh. Meanwhile, a purported video of the incident, where Geethamma is seen pleading for water, went viral on social media, sparking outrage across the region.