ജോലിയില്‍ നിന്നും ഒഴിവാക്കിയതിന്റെ വൈരാഗ്യത്തിലാണ് ഹോട്ടലുടമയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരത്തെ ജസ്റ്റിന് രാജിനെ വകവരുത്തിയ തൊഴിലാളികളായ രാജേഷിന്റെയും ഡേവിഡിന്റെയും മൊഴി. ഇടപ്പഴിഞ്ഞി വീട്ടിലുണ്ടായ വാക്കുതര്‍ക്കം കൊലയില്‍ എത്തുകയായിരുന്നു. ജസ്റ്റിന് രാജിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ജോലിക്ക് വരാതെ മുങ്ങിയ തൊഴിലാളികളെ അന്വേഷിച്ചെത്തിയതാണ് ജസ്റ്റിന് രാജ്. ഇടപ്പഴിഞ്ഞിയിലെ താമസസ്ഥലത്ത് മദ്യലഹരിയിലായിരുന്ന അടിമലത്തുറ സ്വദേശി രാജേഷും, നേപ്പാളുകാരന് ഡേവിഡും ജസ്റ്റിന് രാജിനോട് കയര്‍ത്തു. മുന്നറിയിപ്പില്ലാതെ വിട്ടുനിന്നതിനാല്‍ അടുത്തദിവസം തുടങ്ങി ഹോട്ടലിലേക്ക് വരേണ്ടതില്ലെന്ന് അറിയിച്ചു. ഇതോടെ രാജേഷും, ഡേവിഡും അന്നം നല്‍കിയിരുന്ന കൈക്ക് തന്നെ കൊത്തി. ക്രൂരമായി മര്‍ദിച്ച ശേഷം മുഖത്ത് തുണികൊണ്ട് അമര്‍ത്തി ജസ്റ്റിന് രാജിനെ വകവരുത്തി. കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ചതിന് പിന്നാലെ ഉടമയുടെ ഇരുചക്രവാഹനവുമായി ഇരുവരും രക്ഷപ്പെട്ടു. രാത്രിയില്‍ വിഴിഞ്ഞം ഭാഗത്ത് നിന്നാണ് രണ്ടുപേരെയും പൊലീസ് പിടികൂടിയത്. ഇരുവരും നാല് പൊലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.
മ്യൂസിയം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജസ്റ്റിന് രാജിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകളുണ്ടായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. തര്‍ക്കത്തിനപ്പുറം കൊലയ്ക്ക് മറ്റ് കാരണങ്ങളുണ്ടോയെന്നതും പൊലീസ് പരിശോധിക്കും.