തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ പ്രതികളെ പിടികൂടിയത് സാഹസികമായി. പിടിയിലായ അടിമലത്തുറ സ്വദേശി രാജേഷും നേപ്പാൾ സ്വദേശി ദിൽകുമാറും പൊലീസിനെ ആക്രമിച്ചു. നാലു പൊലീസുകാർക്ക് പരുക്കേറ്റു. 

അതേസമയം, കൊല്ലപ്പെട്ട ജസ്റ്റിൻ രാജുമായി തർക്കം ഉണ്ടായെന്നും അടിപിടിയിൽ കലാശിച്ചെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ജോലിക്ക് ചെല്ലാത്തത് ചോദ്യം ചെയ്താണ് ജസ്റ്റിൻ തൊഴിലാളികൾ താമസിച്ചിരുന്ന വാടക വീട്ടിൽ ചെന്നതെന്നും പ്രതികൾ പറഞ്ഞു. ജസ്റ്റിന്റെ മൃതദേഹം രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. 

നാല് പാട്‌നർമാരിൽ ഒരാളായ ജസ്റ്റിൻ രാജ് ആണ് എല്ലാ ദിവസവും പുലർച്ചെ അഞ്ചിന് ഹോട്ടൽ തുറക്കുന്നത്. എട്ട് ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതിൽ ഡേവിഡും രാജേഷും ഇന്നലെ ജോലിക്ക് എത്തിയിരുന്നില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തിൽ ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടിൽ പോയിരുന്നു. ഉച്ചവരെ കാണാത്തതിനാൽ ഹോട്ടലിലെ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തി‍ൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഡേവിഡിനെയും രാജേഷിനെയും അടിമലത്തുറയിൽനിന്ന് പിടികൂടിയത്. 

ENGLISH SUMMARY:

A hotel owner was found murdered in Thiruvananthapuram's Idappazhanji. Police arrested the accused after a dramatic encounter, during which four officers were injured. The suspects confessed to the crime following a work-related dispute.