വീട്ടില്‍ ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഒരു വീട്ടിലെ അഞ്ചുപേരെ നാട്ടുകാര്‍ ജീവനോടെ ചുട്ടെരിച്ചു. ബിഹാറിലെ പുര്‍ണിയ ജില്ലയിലാണ് സംഭവം.തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടായത്. അന്‍പതോളം വരുന്ന ആള്‍ക്കൂട്ടം സീതാദേവിയും കുടുംബവും താമസിച്ചിരുന്ന വീട്ടിലേക്ക് മുളവടിയും തീയുമായെത്തിയാണ് അക്രമം നടത്തിയത്.
Image Credit: X/ians
സീതാദേവിയുടെ മക്കളില്‍ ഒരാളായ പതിനാറുകാരന് ജീവനും കൊണ്ടോടി രക്ഷപെട്ടു. ബന്ധുവിന്റെ വീട്ടില്‍ അഭയം തേടിയ സോനു വിവരം പറഞ്ഞതോടെയാണ് നടുക്കുന്ന ക്രൂരത പുറംലോകമറിഞ്ഞത്. ദുര്‍മന്ത്രവാദിയാണ് അമ്മ എന്നാരോപിച്ചാണ് നാട്ടുകാര്‍ കൂട്ടത്തോടെ എത്തിയതെന്ന് സോനു പറയുന്നു. 'മന്ത്രവാദിനി എവിടെ എന്നാക്രോശിച്ചാണ് അവര്‍ വന്നത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നതിന് പിന്നാലെ അമ്മയെയും അച്ഛനെയും സഹോദരനെയും സഹോദരന്റെ ഭാര്യയെയും തല്ലിച്ചതച്ചു. പിന്നാലെ തീ കൊളുത്തുകയായിരുന്നു'വെന്ന് സോനു പറയുന്നു. കൊന്നിട്ടും കലിതീരാതെ നാട്ടുകാര്‍ ഇവരുടെ മൃതദേഹങ്ങള്‍ വെള്ളക്കെട്ടില്‍ എറിഞ്ഞുവെന്നും പൊലീസ് പറയുന്നു.
ഗ്രാമവാസിയായ രാംദേവെന്നയാളുടെ ആണ്മക്കളിലൊരാള് അടുത്തയിടെ മരിച്ചു. രണ്ടാമത്തെ മകനാവട്ടെ ഗുരുതരമായ അസുഖം ബാധിച്ച് കിടപ്പിലുമായി. സീതാദേവിയുടെ ദുര്‍മന്ത്രവാദമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിച്ചത്. ഇതാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നെതന്നും പ്രതികളിലൊരാളെയും വെറുതേ വിടില്ലെന്നും പൊലീസ് വ്യക്തമാക്കി. സോനുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.