സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സഹകരണബാങ്കില്‍ പണം കിട്ടാതെ വലഞ്ഞ് നിക്ഷേപകര്‍. പലതവണ ബാങ്കില്‍ കയറിയിറങ്ങിയിട്ടും കയ്യൊഴിഞ്ഞതോടെ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് നിക്ഷേപകര്‍.
തകര്‍ച്ചാ ഭീഷണിയിലായ ഒരു കൊച്ചു കൂരയിലാണ് സഫിയയും സഹോദരിയും താമസിക്കുന്നത്. ഇവിടുന്ന് മാറി പുതിയൊരു വീടായിരുന്നു സ്വപനം. ഉള്ളതെല്ലാം ശേഖരിച്ചു അരിയൂര്‍ ബാങ്കില്‍ നിക്ഷേപിച്ചതാണ്. വര്‍ഷങ്ങളുടെ സമ്പാദ്യം പക്ഷെ ഇപ്പോള്‍ കിട്ടാത്ത സ്ഥിതിയായി. വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ ബാങ്കില്‍ നിന്നു തുക തിരിച്ചുകിട്ടുന്നില്ലെന്നാണ് പരാതി. പണം ചോദിച്ചപ്പോഴൊക്കെ വെറുംകയ്യോടെ പറഞ്ഞുവിട്ടു.
ലക്ഷങ്ങള്‍ കിട്ടാനുണ്ട് ശിവന്. കാലമിത്രയായുള്ള സമ്പാദ്യമാണ്. ബാങ്കില്‍ പലതവണ പോയിനോക്കി, നിരാശ മാത്രം. പിന്നെയുമുണ്ട് പെരുവഴിയിലായവര്‍. ദിവസ വേതനക്കാരടക്കം സാധാരണക്കാരാണ് ബാങ്കിനെ വിശ്വസിച്ച് പണം നിക്ഷേപിച്ചു കടുത്ത പ്രതിസന്ധിയിലായത്. അധികൃതര്‍ ഇടപെട്ട് വേഗത്തില്‍ തുക ലഭ്യമാക്കണമെന്നാണാവശ്യം. ലീഗ് ഭരിക്കുന്ന ബാങ്കില്‍ സഹകരണവകുപ്പു വ്യാപകക്രമക്കേടാണ് കണ്ടെത്തിയത്. ബാങ്കിനു നഷ്‌ടം വന്ന തുകയത്രയും മുന്‍ പ്രസിഡണ്ട് സിദ്ദിഖും സെക്രട്ടറിയും ജീവനക്കാരും തിരച്ചടക്കണമെന്നായിരുന്നു സഹകരണവകുപ്പിന്‍റെ ഉത്തരവ്.