മംഗളുരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ രണ്ടുദിവസത്തിനകം സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് കര്‍ണാടക സര്‍ക്കാരിന്‍റെ ഉറപ്പ്. കൊല്ലപെട്ട അഷ്റഫിന്‍റെ മാതാപിതാക്കള്‍ക്കും ആക്ഷന്‍ കൗണ്‍സിലിനുമാണ് കര്‍ണാടക ന്യൂനപക്ഷ വകുപ്പ് മന്ത്രി ഉറപ്പു നല്‍കിയത്. അതേ സമയം കേസില്‍ പ്രത്യേക അന്വേഷണ സംഘമെന്ന ആവശ്യം ഇതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
ഏപ്രില്‍ 26നാണ് മാനസിക പ്രശ്നങ്ങളുള്ള പുല്‍പ്പള്ളി സ്വദേശി അഷ്റഫ് മംഗളുരു ബത്ര കല്ലൂര്‍ത്തി ക്ഷേത്ര മൈതാനത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ 5 പ്രതികള്‍ ജാമ്യം കിട്ടി പുറത്തിറങ്ങി. അന്വേഷണം പൂര്‍ത്തിയാക്കി ഇതുവരെ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മാതാപിതാക്കള്‍ ബെംഗളുരിലെത്തി ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദിനെ കണ്ടത്. രണ്ടുദിവസത്തിനകം പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവിറങ്ങുമെന്ന് സംഘത്തിന് ഉറപ്പു കിട്ടി.
നഷ്ടപരിഹാരം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി. മംഗളുരുവില്‍ നീതിപൂര്‍ണമായ വിചാരണ നടക്കില്ലെന്നും കേസ് കേരളത്തിലേക്കു മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ദിവസങ്ങള്‍ക്കു മുന്‍പ് അഭിഭാഷകരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.