ബെംഗളുരുവില്‍ ദർശൻ ഗ്യാങ്ങ് മോഡൽ ആക്രമണം വീണ്ടും. സോളദേവനപള്ളിയിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു റോഡില്‍ തള്ളി. എട്ട് പേര്‍ അറസ്റ്റിലായി.
ഒറ്റ വാക്കില്‍ പ്രാകൃതമെന്നേ പറയാനൊക്കൂ. സമാനതകളില്ലാത്ത ക്രൂരതയാണ് യുവാവിന് ഏല്‍ക്കേണ്ടിവന്നത്. നെലമംഗല സ്വദേശി കൗശലും ദൃശ്യങ്ങളില്‍ കാണുന്ന ഈ പതിനേഴുകാരിയും രണ്ടര വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മില്‍ തെറ്റി. പെണ്‍കുട്ടി മറ്റൊരാളുമായി അടുത്തു. തുടര്‍ന്നു സ്വകാര്യ ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കൗശല്‍ പെണ്‍കുട്ടിക്ക് മെസേജുകള്‍ അയച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയും കാമുകനും കൂട്ടുകാരും ചേര്‍ന്ന് കൗശലിനെ സംസാരിക്കാനെന്ന വ്യാജേനെ കാറില്‍ കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പാന്‍റഴിപ്പിച്ച ശേഷം ജനനേന്ദ്രിയം ചവിട്ടയരച്ചു.
കന്നട സൂപ്പര്‍ സ്റ്റാര്‍ ദർശൻ പ്രതിയായ രേണുക സ്വാമി വധക്കേസിനെ ഓർമിപ്പിക്കുന്നതായിരുന്നു സംഭവങ്ങൾ. രേണുക സ്വാമിക്കേസിലെ ഇരയെ നടന്‍ ദര്‍ശനും കൂട്ടരും കാമുകി കൂടിയായ നടി പവിത്ര ഗൗഡയുടെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു കൊന്നതുപോലെ ചെയ്യുമെന്ന് സംഘം കൗശലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമികൾ ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. കേസില്‍ പെണ്‍കുട്ടിയടക്കം എട്ടു പേര്‍ അറസ്റ്റിലായി.