മലപ്പുറം വണ്ടൂരിൽ 40 ഗ്രാം എംഡിഎംഎയുമായി കൂരാട് സ്വദേശി പൊലീസിൻ്റെ പിടിയിലായി. മരുതത്ത് വീട്ടിൽ അബ്ദുൾ ലത്തീഫാണ് വിഎംസി ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തിനു സമീപത്തു നിന്ന് പിടിയിലായത്. ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. 3.8 ഗ്രാം കഞ്ചാവും ഇയാളെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദുമായി ബന്ധപ്പെട്ട് വണ്ടൂർ വിഎംസി ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് മൈതാനത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരു വാഹനത്തിൽ നാലു പേരെ കണ്ടത്.
തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂട്ടത്തിൽ ഒരാളായ അബ്ദുല്ലത്തീഫിന്റെ പക്കൽ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. കൂടെയുള്ള മൂന്നു പേർക്ക് ഇതുമായി ബന്ധപ്പെട്ട അറിവില്ലാത്തതിനാൽ ഒരാളുടെ പേരിൽ മാത്രമാണ് കേസെടുത്തത്.
നാട്ടിലാലാകമാനം നടക്കുന്ന പൊലീസ് പരിശോധന മുന്നിൽകണ്ട് തനിക്ക് ഉപയോഗിക്കാനായി കൂടുതൽ എംഡിഎംഎ കയ്യിൽ കരുതിയത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കോഴി ലോറിയിൽ ജോലിക്കാരനാണ് അബ്ദുൾ ലത്തീഫ്. നേരത്തെ കഞ്ചാവ് ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.