‘സ്വയം തട്ടിക്കൊണ്ടുപോയി’ ഭാര്യയെ ഭീഷണിപ്പെടുത്തിയ യുവാവിന്റെ വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഹാര്‍ സമസ്തിപൂര്‍ നിവാസിയായ ഗോവിന്ദ് കുമാറാണ് ഒരു കാര്‍ വാങ്ങാന്‍ ഭാര്യയെയും കുടുംബത്തെയും വെറൈറ്റി ഐഡിയയിലൂടെ പറ്റിക്കാന്‍ ശ്രമിച്ചത്. നിരവധി തവണ യുവാവ് കാര്‍ വാങ്ങാന്‍ കുടുംബത്തോട് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വന്തം പണത്തില്‍ വാങ്ങാനാണ് ഗോവിന്ദിനോട് കുടുംബം പറഞ്ഞത്.
നിരാശനായ ഗോവിന്ദ് കാര്‍ എങ്ങനെയും വാങ്ങുക എന്ന തന്ത്രം മെനഞ്ഞു. ഒടുവില്‍ കൂട്ടുകാര്ക്കൊപ്പമിരിക്കെയാണ് തട്ടിക്കൊണ്ടുപോകല്‍ എന്ന തന്ത്രം ഗോവിന്ദിന്റെ തലയിലുദിച്ചത്. താന്‍ ഒരത്യാവശ്യ കാര്യത്തിനായ് പുനെയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഗോവിന്ദ് വീട് വിട്ടിറങ്ങുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. പുനെയില്‍ എത്തി മടങ്ങവെ ഗോവിന്ദിന്റെ സുഹൃത്തുക്കളും പുനെയിലെത്തിയിരുന്നു. പട്നയിലെത്തിയ ഗോവിന്ദ് താന്‍ അല്പസമയത്തിനകം വീട്ടിലെത്തുമെന്ന് ഭാര്യയെ വിളിച്ചറിയിച്ച് സുഹൃത്തുക്കളോടൊപ്പം യാത്രയാരംഭിച്ചു. വഴിയില്‍ ഒരു വനപ്രദേശത്ത് ഇറങ്ങിയ മൂവര്‍സംഘം തട്ടിക്കൊണ്ടുപോവലിന്റെ ഒരു വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ഗോവിന്ദിനെ സുഹൃത്തുക്കള്‍ നഗ്നനാക്കി മരത്തില്‍ കെട്ടി മര്‍ദിക്കുന്നതായിരുന്നു വിഡിയോ.
മടങ്ങിവരാമെന്ന് പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ഗോവിന്ദ് വരാതിരുന്നതോടെ കുടുംബത്തിന് ആശങ്കയായി. ഇതിനിടെ ഗോവിന്ദിന്റെ ഭാര്യയുടെ ഫോണിലേക്ക് ഗോവിന്ദിന്റെ നമ്പറില്‍ നിന്ന് ഒരു വിഡിയോ സന്ദേശം വന്നു. ഗോവിന്ദിനെ മര്‍ദിക്കുന്നതായിരുന്നു ഈ ദൃശ്യം. ഭയന്ന ഭാര്യ ഇത് കുടുംബവുമായി പങ്കുവച്ചു. എല്ലാവരും ആശങ്കയിലായി. തുടര്‍ന്ന് അതേദിവസം തന്നെ ഗോവിന്ദിന്റെ ഭാര്യയുടെ ഫോണിലേക്ക് കോള്‍ വന്നു. ഗോവിന്ദിനെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും 60,000 രൂപ തന്നില്ലെങ്കില്‍ കൊന്നുകളയുമെന്നുമായിരുന്നു കോളില്‍ ലഭിച്ച സന്ദേശം. തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
ഭയന്ന കുടുംബം പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് അന്വേഷണമാരംഭിക്കുകയുമായിരുന്നു. ടവര്‍ ലൊക്കേഷന്‍ നോക്കി അന്വേഷണം നടത്തിയ പൊലീസിന് കൃത്യമായി ഫോണ്‍ ട്രേസ് ചെയ്യാന്‍ സാധിച്ചു. ഒടുവില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ രഹസ്യനീക്കവുമായെത്തിയ പൊലീസ് കണ്ടത് സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കുന്ന ഗോവിന്ദിനെയാണ്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനാല്‍ സുഹൃത്തുക്കളെ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഗോവിന്ദിന്റെ മൊഴിയെടുക്കവേയാണ് താന്‍ കാര്‍ വാങ്ങാനാണ് ഇത്തരമൊരു നാടകം കളിച്ചതെന്ന് ഗോവിന്ദ് വ്യക്തമാക്കിയത്