ചങ്ങനാശ്ശേരിയിൽ നടുറോഡിൽ എസ്ഐയോട് ഏറ്റുമുട്ടിയ സിപിഎം കൗൺസിലറിനെതിരെ കേസ്. ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തി എന്നും എസ്ഐയെ കയ്യേറ്റം ചെയ്തെന്നുമാണ് കേസ്. അതേസമയം പൊലീസുകാർ കഴുത്തിനു പിടിച്ച് നെഞ്ചിൽ തള്ളിയെന്നും കൗൺസിലർ മനോരമ ന്യൂസിനോട് പറഞ്ഞു.
എസ്ഐ ആർ.പി ടിനുവും സംഘവും ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു ഏറ്റുമുട്ടൽ. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രെത്ത് അനലൈസർ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൗൺസിലർ നിസാർ തയ്യാറാകാതിരുന്നതാണ് സംഘർഷത്തിലേക്ക് വഴിതെളിച്ചത്. മർദ്ദനമേറ്റ എസ്ഐ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ കൗൺസിലർ തയ്യാറായില്ലെന്നും എസ്ഐയെ പിടിച്ചു തള്ളിയെന്നുമാണ് കേസ്. അതേസമയം പൊലീസുകാർ അകാരണമായി മർദ്ദിച്ചെന്ന് കാട്ടി കൗൺസിലർ നിസാർ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ല. കുറ്റം മറയ്ക്കാൻ പൊലീസ് കേസ് കെട്ടിച്ചമച്ചതാണെന്നാണ് നിസാറിന്റെ വാദം.
ജനപ്രതിനിധികളും നിയമത്തിന് വിധേയരാണെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കൗൺസിലർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ചങ്ങനാശ്ശേരി സി ഐ അറിയിച്ചു.