ശിവഗംഗയിൽ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട ക്ഷേത്രസുരക്ഷാ ജീവനക്കാരൻ അജിത്കുമാറിന് ഏല്‍ക്കേണ്ടിവന്നത് ക്രൂരപീഡനം. ശരീരത്തിൽ അൻപതോളം ഗുരുതരപരിക്കുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലച്ചോറിൽ രക്തസ്രാവമുണ്ടായിരുന്നു. കൊല്ലപ്പെട്ട് 18 മണിക്കൂർ കഴിഞ്ഞാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. മധുര രാജാജി ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. ചെവികളിലും നെറ്റിയിലും മുഖത്തും വയറ്റിലും വലതുകാലിലും കാലിന്റെ മുട്ടുകളിലും നെഞ്ചിന്റെ ഇടതുഭാഗത്തും രഹസ്യഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.
മധുര സ്വദേശിയായ നികിത എന്ന സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച അജിത് അടക്കം 5 ക്ഷേത്രജീവനക്കാരെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ കാറിന്റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും തിരിച്ചുവന്ന് നോക്കിയപ്പോൾ ബാഗിലുണ്ടായിരുന്ന ഒൻപതര പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്നുമാണ് നികിത പോലീസിൽ പരാതി നൽകിയത്. എന്നാൽ തനിക്ക് മോഷണവുമായി യാതൊരു ബന്ധവുമില്ലെന്ന് അജിത് പൊലീസിൽ മൊഴി നൽകി.
എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയോടെ അജിത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് വാനിൽ വച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുൻപ് മരണം സംഭവിച്ചെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ മോഷണവുമായി അജിത്തിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊരു തെളിവും ലഭ്യമായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂൺ 28നാണ് അജിത്കുമാർ കൊല്ലപ്പെട്ടത്. രാവിലെ 11.15-നാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. 29-ന് വൈകീട്ട് 5.45-നും രാത്രി 9.20-നുമിടയിലാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. ശരീരത്തിൽ ചിലയിടങ്ങളിൽ ഏഴുമുതൽ ഒൻപത് സെന്റീമീറ്റർവരെ ആഴത്തിൽ പരിക്കുകളുണ്ട്.