പ്രതീകാത്മക ചിത്രം.
വീട്ടുടമയെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ജോലിക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍. ഡല്‍ഹിയിലെ ലജ്പത്ത് നഗറില്‍ താമസിക്കുന്ന രുചിക (42), മകന്‍ കൃഷ് (14) എന്നിവരെയാണ് വീട്ടുജോലിക്കാരനായ മുകേഷ് (24) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രുചിക തന്നെ വഴക്കുപറഞ്ഞുവെന്നും ദേഷ്യം തോന്നിയപ്പോള്‍ കഴുത്തറുത്ത് കൊന്നുവെന്നുമാണ് മുകേഷ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. ബുധനാഴ്ചയാണ് സംഭവം.
രാത്രി ഒന്‍പതരയോടെ രുചികയുടെ ഭര്‍ത്താവ് കുല്‍ദീപ് സേവാനി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അതിദാരുണ സംഭവം പുറംലോകമറിഞ്ഞത്. കുല്‍ദീപ് എത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. ഒരുപാട് തവണ തട്ടിനോക്കിയിട്ടും ആരും കതക് തുറന്നില്ല. ഭാര്യയുടെയും മകന്‍റേയും ഫോണിലേക്ക് വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ഇതിനിടെ വീടിന്‍റെ ഗേറ്റിലും സ്ട്രെയര്‍കേസിലും ചോരക്കറ കണ്ടതോടെ കുല്‍ദീപ് ഉടനെ പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസെത്തി വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നു. കട്ടിലിനടുത്ത് തറയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു രുചികയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയില്‍ ചോരയില്‍ കുളിച്ചായിരുന്നു രുചിക കിടന്നിരുന്നത്. ശുചിമുറിയിലെ തറയിലായിരുന്ന ചോരയില്‍ കുതിര്‍ന്ന നിലയിലായിരുന്നു കൃഷിന്‍റെ മൃതദേഹം.
ലജ്പത്ത് നഗര്‍ മാര്‍ക്കറ്റില്‍ ഭര്‍ത്താവിനൊപ്പം ഒരു തുണിക്കട നടത്തുകയായിരുന്നു രുചിക. ഇവിടെ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് ബിഹാര്‍ സ്വദേശിയായ മുകേഷ്. വീട്ടിലെ ചില കാര്യങ്ങളിലും മുകേഷ് സഹായിക്കാറുണ്ടായിരുന്നു. കൊലയ്ക്കു ശേഷം മുകേഷ് വട്ടില്‍ നിന്നിറങ്ങിയെങ്കിലും ലജ്പത്ത് നഗറിന് പുറത്ത് കടക്കാന്‍ ശ്രമിക്കും മുന്‍പ് ഇയാളെ പൊലീസ് പിടികൂടി. മുകേഷ് നല്‍കിയിരിക്കുന്ന മൊഴി വിശ്വസനീയമല്ലെന്ന് പറഞ്ഞ പൊലീസ് ശാസ്ത്രീയ തെളിവുകള്‍ കൂടി വന്നതിനു ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.