മൂവാറ്റുപുഴ സ്വദേശി നേതൃത്വം നൽകിയ കെറ്റാമെലോൺ ഡാർക്നെറ്റ് ലഹരിയിടപാടിൽ അന്വേഷണം വ്യാപിപ്പിച്ച് എൻസിബി. കെറ്റാമെലോൺ എന്ന അപരനാമത്തിൽ അറിയപ്പെട്ട എഡിസൺ ബാബുവുമായി ലഹരിയിടപാടുകൾ നടത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എഡിസണിൽ നിന്ന് ലഹരിമരുന്നായ കെറ്റമീൻ വാങ്ങിയ ഇടുക്കി സ്വദേശികളായ രണ്ടുപേർ എൻസിബിയുടെ പിടിയിലായെന്നാണ് സൂചന.
റിമാൻഡിൽ കഴിയുന്ന എഡിസൺ ബാബു, കൂട്ടാളി അരുൺ തോമസ് എന്നിവരെ എൻസിബി ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ലഹരിയിടപാടിലൂടെ സമ്പാദിച്ച കോടികൾ എഡിസൺ പൂഴ്ത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് എൻസിബി. എഴുപത് ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളുടെ വിവരങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ലഹരിയിടപാടുകൾ കുടുംബത്തിന്റെ അറിവോടെയാണോ എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടക്കും. എഡിസന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ലഹരി മരുന്നടക്കം സാംപ്ലിങ്ങിനായി കോടതിയിൽ ഹാജരാക്കി. Also Read: എഡിസന്‍ ഓഫ് മൂവാറ്റുപുഴ; ഇട്ടാവട്ട സെറ്റപ്പില്ല; ഒണ്‍ലി ഇന്‍റര്‍നാഷനല്‍ ഡീല്‍
രാജ്യാന്തര വേരുകളുള്ള കെറ്റാമെലോണ്‍ ലഹരി ശൃംഖലയെ മലയാളിയായ എഡിസന്‍ നിയന്ത്രിച്ചിരുന്നത് മൂവാറ്റുപുഴയിലെ വീട്ടിലിരുന്ന്. രാജ്യത്തിനകത്തും പുറത്തേക്കുമായി എഡിസന്‍ മാസം തോറും അയച്ചിരുന്നത് ലക്ഷങ്ങള്‍ വിലയുള്ള ലഹരിമരുന്നുകളടങ്ങിയ അന്‍പതിലേറെ പാഴ്സലുകള്‍. പുതിയ സ്റ്റോക്ക് എത്തിയത് മുതൽ ഡിസ്കൗണ്ട് വിവരങ്ങളടക്കം വ്യക്തമാക്കി ഡാര്‍ക് വെബില്‍ എഡിസന്‍ പങ്കുവെച്ച വിവരങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു.
പേര് വിഖ്യാത ശാസ്ത്രജ്ഞന്‍റേതെങ്കിലും മുവാറ്റുപുഴക്കാരന്‍ എഡിസന്‍ ബാബുവിന്‍റെ ഗവേഷണമത്രയും ലോകവ്യാപക ലഹരിയിടപാടുകളെ കുറിച്ചായിരുന്നു. ബിടെക് ബിരുദധാരിയായ എഡിസന്‍ കോവിഡിന് ശേഷമാണ് ഡാര്‍ക് വെബ് ലഹരിവ്യാപാരത്തിന്‍റെ അനന്തസാധ്യതകളെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. രണ്ട് വര്‍ഷംകൊണ്ട് ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഓണ്‍ലൈന്‍ ലഹരിയിടപാടുകാരനായി കെറ്റമെലോണ്‍ എന്ന അപരനാമത്തില്‍ എഡിസന്‍ മാറി. ഡാര്‍ക് വെബിലെ എഡിസന്‍റെ കെറ്റമെലോണ്‍ വെബ്സൈറ്റ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയത്. നാട്ടിലെ ലഹരിമാഫിയ സംഘങ്ങള്‍ എംഡിഎംഎയും കൊക്കെയിനിനും പിന്നാലെ പാഞ്ഞപ്പോള്‍ എഡിസന്‍റെ ഇടപാടുകള്‍ ഇന്‍റര്‍നാഷനലായി. എല്‍എസ് ഡിയും റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന കെറ്റമീനിന്‍റെയും വിതരണമാണ് എഡിസന്‍ ഏറ്റെടുത്തത്. മൂവാറ്റുപുഴയിലെ വീട് കേന്ദ്രീകരിച്ച് നടന്ന രാജ്യാന്തര ലഹരിയിടപാടുകളെ കുറിച്ച് നാട്ടുകാര്‍ അറിയുന്നതും എന്‍സിബിയുടെ അറസ്റ്റോടെയാണ്.
വലിയ സാമ്പത്തിചുറ്റുപാടുള്ള കുടുംബത്തിലെ അംഗമാണ് എഡിസന്‍ ബാബു. ഭാര്യയും മകളും അടങ്ങുന്ന കുടുംബം. മൂവാറ്റുപുഴയിലെ വീട്ടിലെ ഒരു മുറിയായിരുന്നു എഡിസന്‍റെ ലഹരി ഗവേഷണ കേന്ദ്രം. സഹായിയായി സഹപാഠിയും സുഹൃത്തുമായ അരുണും. യുകെയില്‍ നിന്ന് എല്‍എസ്ഡിയും കെറ്റമീനും വരുത്തി വീട്ടില്‍ സൂക്ഷിക്കും. ഡാര്‍ക് വെബിലൂടെ ബന്ധപ്പെടുന്ന ആവശ്യകാര്‍ക്ക് പാഴ്സല്‍ വഴി വിതരണം. പതിനാല് മാസത്തിനിടെ 600 ലേറെ ലഹരി പാഴ്സലുകളാണ് എഡിസന്‍ വിവിധ രാജ്യങ്ങളിലേക്കടക്കം അയച്ചത്. ഓണ്‍ലൈന്‍ ട്രെഡിങ് ഇടപാടുകളെന്നാണ് എഡിസന്‍ ബാബു കുടുംബത്തോട് പറഞ്ഞിരുന്നത്.