ബള്‍ബ്, ഗ്രാമഫോണിന്‍റെ ആദ്യ രൂപമായ ഫോണോഗ്രാഫ്, മോഷന്‍ പിക്ചര്‍ ക്യാമറ. കണ്ടുപിടിത്തങ്ങളുടെ രാജാവെന്ന് വിശേഷിപ്പിക്കുന്ന ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വ എഡിസന്‍റെ കണ്ടുപിടുത്തങ്ങളില്‍ ചിലത്. മൂവാറ്റുപുഴയിലെ എഡിസന്‍– എഡിസന്‍ ബാബുവിന്‍റെ ഗവേഷണങ്ങള്‍ ലഹരിയുടെ ലോകവ്യാപക വഴികളെ കുറിച്ചായിരുന്നു. ബിടെക് ബിരുദധാരി ചുരുങ്ങിയകാലം കൊണ്ട് സമ്പാദിച്ചത് ഇന്ത്യയിലെ എല്‍എസ്ഡിയുടെ രാജാവെന്ന പട്ടം.
ഇന്‍റര്‍നാഷനല്‍ സെറ്റപ്പ്
കോവിഡിന് ശേഷമാണ് എഡിസന്‍ ഡാര്‍ക് വെബിലെ ലഹരിസങ്കേതങ്ങളെ തേടിയിറങ്ങിയതെന്നാണ എന്‍സിബി നല്‍കുന്ന വിവരം. അതിന് മുന്‍പ് രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ കമ്പനികളില്‍എഡിസന്‍ ജോലി ചെയ്തു. കോവിഡിന് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ എഡിസന്‍ ലഹരിവ്യാപാരത്തിന്‍റെ സാധ്യതകളെ കുറിച്ച് വിശദമായി പഠിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ലഹരിയിടപാടുകള്‍ ക്ലച്ച് പിടിച്ചതോടെ പണവും ഒഴുകിയെത്തി. കഞ്ചാവും എംഡിഎംഎയും കൊക്കെയിനും വിറ്റഴിക്കുന്ന ഇട്ടാവട്ട സെറ്റപ്പ് വിട്ട് ഇന്‍റര്‍നാഷനല്‍ ഡീലുകള്‍ക്ക് പിന്നാലെയായിരുന്നു എഡിസന്‍റെ യാത്രകള്‍.
കെറ്റാമെലണിന്‍റെ പിറവി
വിദേശനിര്‍മിത വീര്യം കൂടിയ ലഹരിമരുന്നുകളായ എല്‍എസ്ജിയുടെയും കെറ്റമീന്‍റെ വിതരണമാണ് എഡിസന്‍ ഏറ്റെടുത്തത്. ആദ്യം കളമറിയാന്‍ കയ്യില്‍ നിന്ന് പണമിറക്കി. ഡാര്‍ക്ക് വെബില്‍ കുത്തിമറിഞ്ഞ് ലഹരിമരുന്നിന്‍റെ വിതരണക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ ആരാണ് മികച്ചതെന്ന് കണ്ടെത്തി. അവരുമായി ഡീലുറപ്പിച്ചു. കെറ്റാമെലോണ്‍ എന്ന പേരില്‍ വെബ്സൈറ്റ് തുറന്നായിരുന്നു എഡിസന്‍റെ ഇടപാടുകള്‍.
ഡിസ്കൗണ്ട് സെയില്‍
ലഹരിയിടപാടുകളടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സങ്കേതമാണ് ഡാര്‍ക് വെബുകള്‍. ലഹരി, ആയുധം, സോഫ്ഫ് വെയര്‍ എന്നിങ്ങനെ എല്ലാ ദുരൂഹയിടപാടുകള്‍ക്കും ഡാര്‍ക്ക് വെബില്‍ ഇടമുണ്ട്. വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയടക്കം പേരും വിവരങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാത്ത ദുരൂഹതനിറഞ്ഞ ഇടനാഴി. എല്‍എസ്ജിയും കെറ്റമീന്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ വില്‍ക്കുന്ന ലക്ഷക്കണക്കിന് വിതരണക്കാരുണ്ട് ഡാര്‍ക് വെബില്‍. ഇതില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുള്ള വില്‍പനക്കാരനായി എഡിസന്‍ വളര്‍ന്നത് ചുരുങ്ങിയകാലം കൊണ്ടാണ്. ലഹരിമരുന്നിന് മറ്റ് വില്‍പനക്കാരേക്കാള്‍ വില താഴ്ത്തിയും ഡിസ്കൗണ്ട് നല്‍കിയുമാണ് എഡിസന്‍ ഇടപാടുകാരെ സംമ്പാദിച്ചത്.
ഫുള്‍ ഗ്യാരന്‍റി
കെറ്റമെലോണിന്‍റെ പേരിലയക്കുന്ന ലഹരിമരുന്ന് എഡിസന്‍ നല്‍കിയിരുന്നത് ഫുള്‍ ഗ്യാരന്‍റി. പണം നഷ്ടമാകില്ലെന്ന ഉറപ്പ് കെറ്റമെലോണ്‍ എന്ന എഡിസനെ ഡാര്‍ക് വെബിലെ ലഹരിയിടപാടുകാരിലെ വിശ്വസ്തനാക്കി. യുകെയിലെ 'ഗുംഗ ദിന്‍' എന്ന കാര്‍ട്ടലില്‍ നിന്നാണ് എഡിസന്‍ എല്‍എസ്ഡി വാങ്ങിയിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി ഇടപാട് ശൃംഖലയിലെ രണ്ടാമത്തെ പ്രധാന കണ്ണിയാണ് 'ഗുംഗ ദിന്‍'. യുകെയില്‍ നിന്ന് വിദേശ പാഴ്സലായാണ് സ്റ്റാംപുകളും കെറ്റമീനും കേരളത്തിലെത്തുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ വ്യാജ മേല്‍വിലാസങ്ങളില്‍ അയക്കുന്ന പാഴ്സലുകള്‍ എഡിസനും സുഹൃത്തും കൈപ്പറ്റും. ഇത് മൂവാറ്റുപുഴയിലെ വീട്ടിലെത്തിച്ച ശേഷമാണ് പിന്നീട് ആവശ്യക്കാര്‍ക്ക് അയക്കുന്നത്.