എ.ഐ ജനറേറ്റഡ് ചിത്രം.
പൂനെയില്‍ ഡെലിവറി ബോയി എന്ന വ്യാജേനയെത്തിയ ആള്‍ വീട്ടില്‍ കയറി യുവതിയെ പീഡിപ്പിച്ചു. ഒ.ടി.പി വേണമെന്നാവശ്യപ്പെട്ട് വീട്ടിനുള്ളിലേക്ക് കടന്നുകയറിയ യുവാവ് തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. 22കാരിയാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്.
അക്രമി എന്തോ ഒരു വസ്തു തന്‍റെ മുഖത്തേക്ക് സ്പ്രേ ചെയ്തുവെന്നും പിന്നാലെ താന്‍ ബോധരഹിതയായി എന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പീഡനത്തിനു ശേഷം ബോധരഹിതയായി കിടന്ന തന്‍റെ മൊബൈല്‍ ഫോണ്‍ എടുത്ത് തനിക്കൊപ്പം ഒരു സെല്‍ഫിയെടുത്തശേഷം ‘ഞാന്‍ വീണ്ടും വരും’ എന്ന് എഴുതിവച്ചിട്ടാണ് അയാള്‍ പോയതെന്നും യുവതി നല്‍കിയ മൊഴിയിലുണ്ടെന്നാണ് വിവരം.
അതിസമ്പന്നര്‍ താമസിക്കുന്ന, എല്ലാവിധ സുരക്ഷാസംവിധാനങ്ങളുമുള്ള ഒരു പോഷ് റെസിഡന്‍ഷ്യന്‍ ഏരിയയിലാണ് സംഭവം നടന്നിരിക്കുന്നത് എന്ന് പൊലീസ്. വൈകുന്നേരം ഏഴരയോടെയാണ് സംഭവം. ബാങ്കില്‍ നിന്നുള്ള കവറാണ് എന്നുപറഞ്ഞാണ് ഡെലിവറി ബോയ് വീട്ടുവാതില്‍ക്കലെത്തിയത്. മൊബൈലിലേക്ക് ഒരു ഒ.ടി.പി വരുമെന്ന് പറഞ്ഞപ്പോള്‍ ഫോണെടുക്കാനായി യുവതി വീട്ടിനുള്ളിലേക്ക് കയറി. പിന്നാലെ ഇയാള്‍ വീട്ടിനുള്ളില്‍ കയറി വാതിലടച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ സഹോദരന്‍ പുറത്തേക്ക് പോയ സമയത്തായിരുന്നു യുവാവിന്‍റെ അതിക്രമം. പീഡനം നടന്നതിനു ശേഷം ഒരു മണിക്കൂറോളം തനിക്ക് ബോധമില്ലായിരുന്നുവെന്നാണ് യുവതി പറയുന്നത്. ബോധം വന്നശേഷം യുവതി തന്നെയാണ് വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞത്. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.