പശുക്കടത്താരോപിച്ചു വീടാക്രമിച്ച ശ്രീരാമസേനാ പ്രവര്‍ത്തകരെ ഗ്രാമീണര്‍ പിടികൂടി കെട്ടിയിട്ടു മര്‍ദ്ദിച്ച കേസില്‍ പൊലീസ് ഓഫിസര്‍ക്കു സസ്പെന്‍ഷന്‍. കര്‍ണാടക ബെളഗാവി ഹുക്കേരി സ്റ്റേഷനിലെ ഇന്‍സ്പെക്ടറെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസില്‍ 4 പേര്‍ അറസ്റ്റിലായി.
ശനിയാഴ്ചയാണു ഗോരക്ഷാ സംഘം നാട്ടുകാരുടെ ചൂടറിഞ്ഞത്. ബെളഗാവി ഇംഗാലി ഗ്രാമവാസിയായ ബാബ സാബ് രാജന്‍ മുള്‍ട്ടാനിയെന്നയാള്‍ വളര്‍ത്തുന്നതിനായി പശുക്കളെ വാങ്ങിയതുമായി ബന്ധപെട്ടായിരുന്നു തര്‍ക്കം. മുള്‍ട്ടാനി പശുക്കളെ വാങ്ങിയത്, കശാപ്പിനാണന്നു ശ്രീരാമസേനാ പ്രവര്‍ത്തകര്‍ ആരോപിച്ചു. വാഹനം തടഞ്ഞു പശുക്കളെയും ഡ്രൈവറെയും പൊലീസിനു കൈമാറുകയും ചെയ്തു. രേഖകള്‍ ഹാജരാക്കി ഉടമ പശുക്കളെ വീണ്ടെടുത്തതോടെ ശ്രീരാമസേന പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ഇരച്ചുകയറി. ഗ്രാമവാസികള്‍ ഒന്നടങ്കം ചേര്‍ന്ന് ഇതിനെ എതിര്‍ത്തു. അക്രമികളെ പിടികൂടി തെങ്ങില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ജില്ലാ പൊലീസ് മേധാവി ഇടപെട്ടാണു പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത്. ശ്രീരാമസേനയുടെ പരാതിയില്‍ കേസെടുത്തില്ല. വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നുമാണ് കുറ്റം. അതേസമയം വ്യാഴാഴ്ച ശ്രീരാമസേന ഗ്രാമത്തിലേക്ക് ഇംഗാലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.