TOPICS COVERED

പത്തനംതിട്ട  അനാഥാലയത്തിലെ അന്തേവാസിയായിരുന്ന  യുവതി വിവാഹശേഷം എട്ടാംമാസം പ്രസവിച്ചതില്‍ ഭര്‍ത്താവിനെിരെ പോക്സോ കേസ് . അനാഥാലയത്തിലെ നടത്തിപ്പുകാരിയുടെ മകനും പെണ്‍കുട്ടിയുമായുള്ള വിവാഹം നടന്നത്  8മാസം മുമ്പാണ് . ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി വിവാഹത്തിന് മുന്‍പേ ഗര്‍ഭിണിയായിരുന്നെന്ന സംശയം ഉയര്‍ന്നത്.  പെണ്‍കുട്ടിയുടെ പ്രസവമെടുത്ത ഡോക്ടറുടെ മൊഴി പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തത്.

18 വയസ് തികഞ്ഞ ഉടനെ അനാഥാലയം നടത്തുന്ന യുവതിയുടെ മകനും അന്തേവാസിയായ പെണ്‍കുട്ടിയും തമ്മില്‍ വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. അനാഥയായ പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ തയാറായ യുവാവിന്‍റെയും കുടുംബത്തിന്‍റെയും നല്ല മനസിനെ പുകഴ്ത്തിയായിരുന്നു സോഷ്യലിടത്ത് ഇവര്‍ വൈറലായത്. വിവാഹശേഷം ഇരുവരും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു. കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന ചാനലില്‍ പ്രസവശേഷം കുഞ്ഞിന്‍റെ വിഡിയോയും പങ്കുവെച്ചിരുന്നു. ജനനശേഷം കുഞ്ഞിന് ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍ ഉണ്ടെന്നും വളര്‍ച്ചയെത്താതെയാണ് ജനിച്ചതെന്നും കുടുംബം പറഞ്ഞിരുന്നു. 

ഇതിനിടെയാണ്  പെണ്‍കുട്ടിയുടെ  ഭര്‍തൃമാതാവായ അനാധാലയം നടത്തിപ്പുകാരി വീണ്ടും വിവാഹിതയകുന്നത് . മക്കളും മരുമക്കളും ചേര്‍ന്ന് അമ്മയെ വിവാഹം കഴിപ്പിച്ച വാര്‍ത്ത വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ കുടുംബം ഒന്നിച്ച് ചില അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ പറഞ്ഞ ചിലകാര്യങ്ങളില്‍ തോന്നിയ പൊരുത്തക്കേടുകളാണ് പോക്സോ കേസിലേക്ക് എത്തുന്നത്. യുവതി പ്രസവിച്ച കുഞ്ഞിനെ കണ്ടാല്‍ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞിനെപ്പോലെയുണ്ടെന്നും വിവാഹ തീയ്യതിയും പ്രസവിച്ച ദിവസവും തമ്മില്‍ പൊരുത്തേക്കേടുകളുണ്ടെന്ന ഒരു യൂട്യൂബറുടെ കണ്ടെത്തലാണ് കേസിലേക്ക് നയിച്ചത്. തുടര്‍ന്ന് ഇതേ സംശയം പലരും ഉന്നയിക്കുകയും ഒട്ടേറെ പരാതികള്‍ ഉയരുകയും  ചെയ്തു. 

കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ച പെണ്‍കുട്ടി ഈ മാസം ആദ്യമാണ് പ്രസവിച്ചത്. കല്യാണം കഴിഞ്ഞ് എട്ടാംമാസം പ്രസവിച്ചത് പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ ആണെന്ന വിവരം ലഭിച്ചതോടെയാണ് ശിശുക്ഷേമ സമിതി വിഷയം പരിശോധിച്ചത്. പ്രസവമെടുത്ത ഡോക്ടറുടെ മൊഴി പ്രകാരം പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചത്. 

വിവാഹത്തിന് മുൻപ് തന്നെ യുവാവുമായി ബന്ധപ്പെട്ടിരുന്നു എന്ന് യുവതി വെളിപ്പെടുത്തിയിരുന്നു . കഴിഞ്ഞ നവംബറിൽ പ്രായപൂർത്തിയായതിന്‍റെ തൊട്ടടുത്ത ദിവസം യുവാവുമായി ബന്ധപ്പെട്ടിരുന്നെന്നും അതുകഴിഞ്ഞ് പതിമൂന്നാം ദിവസമായിരുന്നു വിവാഹമെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ പോലീസ് എഫ്ഐആറിൽ പ്രതികളെ ചേർക്കൂ. പ്രായപൂർത്തിയാകും മുൻപ് ബന്ധം ഉണ്ടായിട്ടില്ലെന്ന് പെൺകുട്ടി ഉറപ്പിച്ചു പറഞ്ഞതോടെ ഡോക്ടറുടെ മൊഴിയെടുത്താണ് പൊലീസ് കേസ് എടുത്തത്.  

ENGLISH SUMMARY:

A POCSO case has been filed against the husband after a young woman, formerly a resident of a Pathanamthitta orphanage, gave birth in the eighth month of marriage. The case came to light after the couple shared details of the childbirth on YouTube.