ഇന്ത്യയിലെ ഏറ്റവും വലിയ ലഹരിവിതരണ ശൃംഖലയുടെ തലവന്‍ മലയാളി. ആരെങ്കിലും വിശ്വസിക്കുമോ. വിശ്വസിക്കണം, വിശ്വസിച്ചേ പറ്റൂ. ആളെ കയ്യോടെ കൊച്ചിയിലെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ പൊക്കി. ഡാര്ക്നെറ്റിലെ ലഹരിയിടപാടുകാര്ക്കിടയില് 'കെറ്റാമെലോണ്‍' എന്നറിയിപ്പെടുന്ന മൂവാറ്റുപുഴക്കാരന് എഡിസന്. മുപ്പത്, മുപ്പത്തിയഞ്ച് വയസുള്ള എന്‍ജിനീയറിങ് ബിരുദധാരി. രണ്ട് വര്‍ഷമായി ലോകമെമ്പാടും ലഹരിവിതരണം ചെയ്ത് എഡിസന് സമ്പാദിച്ചത് കോടികളാണ്.
ഡാര്‍ക്നെറ്റ് ഡ്രഗ്സ്
എല്‍എസ്ഡി സറ്റാംപുകള്, കെറ്റമിന്‍ അടക്കമുള്ള രാസലഹരി ഇന്ത്യയിലേക്കും കേരളത്തിലേക്കും എത്തുന്നത് യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ്. ഇടപാടുകാര്‍ക്ക് പോസ്റ്റല്‍ പാഴ്സലായി ഇവ അയച്ചുനല്‍കും. വാട്സപ്പിലോ ഫോണിലോ അല്ല ഈ ലഹരിയിടപാടുകള്‍ നടക്കുന്നത്. ഇത്തരം ദുരൂഹയിടപാടുകളുടെ കൂടാരമാണ് ഡാര്‍ക്നെറ്റ്. പേരു പോലെ തന്നെ ഇരുട്ടും നിഗൂഢവുമായ ഇടം. പേരും വിവരങ്ങളും എല്ലാം മറച്ചുവെച്ച് ദുരൂഹയിടപാടുകള് നടത്താനുള്ള പ്ലാറ്റ്ഫോമുകളാണ് ഡാര്ക്നെറ്റുകള്. ആ ഡാര്‍ക്നെറ്റില്‍ എഡിസനെന്ന മലയാളി രാജാവായി മാറുകയായിരുന്നു.
കെറ്റാമെലോണ്‍
വേഗത്തില്‍ പണമുണ്ടാക്കാനുള്ള വഴി തേടിയിറങ്ങിയ എഡിസന് ഡാര്‍ക്ക് നെറ്റിലെ ഇരുണ്ട വഴികള്‍ പഠിച്ചെടുക്കാന്‍ താമസമുണ്ടായില്ല. മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ഡാര്ക്നെറ്റിലെ ലഹരിയിടപാടുകളുടെ പാത എഡിസന് പഠിച്ചെടുത്തു. ആ ഇടപാടുകള്‍ക്ക് കണ്ടെത്തിയ പേരായിരുന്നു 'കെറ്റാമെലോണ്‍'. എല്‍എസ്ഡി, കെറ്റമീന്‍ അടക്കമുള്ള ലഹരിമരുന്നുകളുടെ വില്പനയായിരുന്നു ലക്ഷ്യം.
ലെവല്‍ 4 റേറ്റിങ്
രണ്ട് വര്‍ഷം മുന്‍പാണ് കെറ്റമെലോണ്‍ എന്ന പേരില്‍ എഡിസന് ലഹരിയിടപാടില്‍ സജീവമാകുന്നത്. മറ്റ് വില്പനക്കാരേക്കാള് വില താഴ്ത്തിയും ഡിസ്കൗണ്ട് നല്‍കിയും 'കെറ്റമെലോണ്‍' കളം പിടിച്ചു. ഇടപാടുകാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു. പറഞ്ഞ സമയത്ത് ക്വാളിറ്റിയുള്ള എല്‍എസ്ഡിയും കെറ്റമിനും ലഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണമേറി. ഒരു വര്‍ഷംകൊണ്ട് രാജ്യത്തിന് അകത്തും പുറത്തുമുളള 750 പേര്‍ക്ക് 'കെറ്റമെലോണ്‍' എന്ന ബാനറില്‍ ലഹരിയെത്തി. വിശ്വാസ്യത ഊട്ടിയുറപ്പിച്ച കെറ്റമെലോണിന് ഡാര്‍ക്ക് നെറ്റില്‍ അങ്ങനെ 'ലെവല്‍ 4' റേറ്റിങ്ങും ലഭിച്ചു. വില്‍ക്കുന്ന ലഹരിമരുന്നിന്റെ ഗുണവും ഇടപാടിലെ വിശ്വാസ്യതയും കണക്കിലെടുത്ത് ഡാര്‍ക്നെറ്റില്‍ ലഹരിവിതരണകാര്ക്ക് നല്‍കുന്നതാണ് ലെവല്‍ റേറ്റിങ്. ഏറ്റവും മികച്ച വിതരണക്കാരന് ലഭിക്കുന്ന ലെവല്‍ ഫൈവിലേക്ക് എഡിസനുണ്ടായിരുന്നത് ഏതാനും ചുവടുകള്‍ മാത്രം.
DS(ഡോക്ടര്‍ സ്യൂയസ് അഥവ ട്രൈബ് സ്യൂയസ്)
ഇന്ത്യയെന്ന ഇട്ടാവട്ടത്തിലായിരുന്നില്ല കെറ്റാമെലോണ്‍ എന്ന എഡിസന്റെ കളികള്‍. മൂവാറ്റുപുഴയിലെ വീട്ടിലേക്ക് ലഹരിമരുന്ന് എത്തിയിരുന്നത് യുകെയില്‍ നിന്ന്. അതും ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എല്‍എസ്ഡി വിതരണശൃംഖലയില്‍ നിന്ന്. ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി വിതരണക്കാര്‍ 'ഡോക്ടര്‍ സ്യൂയസാണ്'. ഡിഎസ് എന്നും ട്രൈബല്‍ സ്യൂയസെന്നും വിളിപ്പേരുണ്ട്. നാല് പേരുടെ സംഘമാണ് ലോകത്ത് മുഴുവന്‍ വിതരണം ചെയ്യുന്ന എല്‍എസ്ഡി സ്റ്റാംപുകളുടെ ഏറ്റവും വലിയ ഉറവിടം. ഇവരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്ന യുകെയിലെ പ്രധാന വിതരണക്കാരന് 'ഗുംഗ ദിനി'ല്‍ നിന്നാണ് മൂവാറ്റുപുഴയിലേക്ക് എഡിസന് ലഹരിമരുന്ന് എത്തിയിരുന്നത്.
ഓപ്പറേഷന് മെലണ്‍
ലഹരിയിടപാടുകളിലെ കേരള കണക്ഷന് സംബന്ധിച്ച് എന്‍സിബിക്ക് വിവരം ലഭിക്കുന്നത് ഒരുവര്‍ഷം മുന്‍പാണ്. അതീവ രഹസ്യമായി തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയിരുന്ന ഇടപാടുകള്‍ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എന്‍സിബി കണ്ടെത്തിയത്. കേരളത്തിലെ വിദേശ തപാല്‍ ഓഫിസുകളിലേക്കെത്തിയ പാഴ്സലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിര്‍ണായകമായത്. കഴിഞ്ഞ മാസം 28ന് കൊച്ചിയിലെ വിദേശ തപാല്‍ ഓഫിസില്‍ യുകെയില്‍ നിന്നെത്തിയത് മൂന്ന് പാഴ്സലുകള്‍. ഇത് സ്ക്രീന്‍ ചെയ്തപ്പോള്‍ എല്‍എസ്ഡി സ്റ്റാംപുകളാണെന്ന് എന്‍സിബിക്ക് വിവരം ലഭിച്ചു. ഇതോടെ പാഴ്സല്‍ കൈപ്പറ്റാന്‍ വരുന്നവരെ കാത്തിരിപ്പ്. ഈ പാഴ്സലുകള്‍ കൈപ്പറ്റാനെത്തിയപ്പോളാണ് എഡിസന് കുടുങ്ങിയത്.
വീട് ലഹരിസങ്കേതം
എഡിസനെത്തിയ പാഴ്സലിലുണ്ടായിരുന്നത് 280 എല്‍എസ്ഡി സ്റ്റാംപുകള്‍. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഇതിന്റെ നാലിരട്ടി. 847 എൽഎസ്ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമൈനും പിടിച്ചെടുത്തു. ഇതിന്പുറമെ ഡാര്‍ക്നെറ്റ് മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ച ഒഎസ് അടങ്ങിയ പെൻ ഡ്രൈവ്, ക്രിപ്റ്റോ കറന്‍സി ഇടപാടുകളുടെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡ്രൈവുകളും വീട്ടില്‍ നിന്ന് കണ്ടെത്തി. ലഹരിയിപാടിലൂടെ സമാഹരിച്ച പണം ക്രിപ്റ്റോ കറന്സികളിലടക്കമാണ് നിക്ഷേപിച്ചിട്ടുള്ളത്. വീട്ടില്‍ ിന്നും പാഴ്സലില്‍ നിന്നും പിടികൂടിയ ലഹരിമരുന്നിന് 35 ലക്ഷത്തിലേറെ വിലയുള്ളതാണ്. 70ലക്ഷത്തിന്റെ ക്രിപ്റ്റോ നിക്ഷേപങ്ങളുടെ വിവരവും ലഭിച്ചു.
ബിഗ് സല്യൂട്ട് എന്‍സിബി
രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിശൃംഖലെയായണ് കൊച്ചി എന്‍സിബി യൂണിറ്റിന്റെ നിര്‍ണായക നീക്കത്തിലൂടെ തകര്‍ത്തത്. ഇതിന്റെ കണ്ണികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ ഒരു വര്‍ഷം പിടികൂടുന്ന എല്‍എസ്ഡി സ്റ്റാംപിന്റെ മൂന്നിരട്ടിയാണ് എഡിസന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയ്. പതിനാല് മാസത്തിനിടെ എഡിസന് വിതരണം ചെയ്തത് ഇരുപതിനായിരത്തിലേറെ എല്‍എസ്ഡി സ്റ്റാംപുകളാണ്. ലഹരിമുക്ത ഇന്ത്യയെന്ന ലക്ഷ്യത്തോടെയാണ് എന്‍സിബിയുടെ പ്രവര്‍ത്തനം. രാസലഹരിയിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാന്‍ മാനസ് എന്ന സംവിധാനവും എന്‍സിബി ഒരുക്കിയിട്ടുണ്ട്. 1933 എന്ന ടോള്‍ ഫ്രീനമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം.