Untitled design - 1

File photo

സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂട് തുടരുന്നു. എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പകല്‍താപനില 36 മുതല്‍ 37 ഡിഗ്രി സെല്‍സ്യസ് വരെ ഉയരും. ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. ഇന്നു മുല്‍ 16 വരെ വിവിധ ജില്ലകളില്‍ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ചൂട് കടുത്തിട്ടും സംസ്ഥാനത്തു വേനൽ മഴ വൈകുന്നു. പസിഫിക് സമുദ്രത്തിലെ ‘എൽനിനോ’ പ്രതിഭാസത്തിന്റെ സ്വാധീനമാണു മഴ വൈകാൻ കാരണമെന്നു കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സാധാരണ മാർച്ചിൽ ലഭിക്കേണ്ട വേനൽമഴ വൈകുന്നതു കേരളത്തിന്റെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണു മുന്നറിയിപ്പ്. നിലവിൽ സംസ്ഥാനത്തെ മിക്ക ജില്ലകളിലെയും താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഏറിയിട്ടുണ്ട്. ഈ മാസം 2ന് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷ്യസ് രാജ്യത്ത് തന്നെ രേഖപ്പെടുത്തിയ ഉയർന്ന താപനിലകളിലൊന്നാണ്. പുലർച്ചെ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും പകൽച്ചൂട് കൂടുതലാണ്. ഏപ്രിലിൽ ഇതിലും കഠിനമായ ചൂടിനു സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.

 

 

അന്തരീക്ഷ ഈർപ്പം കൂടുന്നതു മൂലം അനുഭവപ്പെടുന്ന ചൂടിന്റെ നിരക്കിലും വർധനയുണ്ട്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത സൂചിപ്പിക്കുന്ന യുവി നിരക്കും സംസ്ഥാനത്ത് അപകടകരമായ നിലയിലാണ്. മിക്ക ജില്ലകളിലും യുവി നിരക്ക് 8ന് അടുത്താണ്. വേനൽമഴയുടെ അസാന്നിധ്യം സംസ്ഥാനത്തെ കർഷകരെയും കാർഷിക വിളകളെയും പ്രതികൂലമായി ബാധിച്ചേക്കാം. മാർച്ച് മുതൽ മേയ് വരെ കൃത്യമായി വേനൽമഴ കിട്ടിയാൽ മാത്രമേ ശുദ്ധജല ക്ഷാമത്തിൽ നിന്നും കൃഷിനാശത്തിൽ നിന്നും രക്ഷ നേടാനാകൂ. മഴയില്ലെങ്കിൽ കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി താഴും. ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകളെയും തെങ്ങ്, കമുക് കൃഷികളെയും മഴയുടെ അഭാവം പെട്ടെന്നു തളർത്തും. 

ENGLISH SUMMARY:

Kerala is experiencing a severe heatwave, with an alert issued for eight districts due to high temperatures. This prolonged summer heat and the delay in monsoon rains, attributed to the El Nino phenomenon, are significantly impacting the state's ecosystem and agriculture.