ഇടുക്കി മറയൂരിൽ നിന്ന് ചന്ദനം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയും സഹായിയും പിടിയിൽ. അമ്മയ്ക്കൊരു മകൻ സോജു എന്നറിയപ്പെടുന്ന ഗുണ്ട തിരുവനന്തപുരം സ്വദേശി അജിത്തും മറയൂർ സ്വദേശി മഹേഷുമാണ് പിടിയിലായത്. പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിലായത്.
കഴിഞ്ഞ ദിവസമാണ് മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് നിന്നും 40 വർഷം പഴക്കമുള്ള ചന്ദനമരം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മറയൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ ഗുണ്ട അമ്മയ്ക്കൊരു മകൻ സോജു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അജിത്തും സുഹൃത്ത് മഹേഷും പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഒളിവിലാണ്. മുറിച്ച ചന്ദനം മഹേഷിന്റെ പട്ടിക്കാടുള്ള വീട്ടിലാണ് ഒളിപ്പിച്ചത്.
പിന്നീട് പൂജയ്ക്കുള്ള സാധനമെന്ന പേരിൽ ചിന്നാർ ചെക്ക് പോസ്റ്റ് വഴി ചന്ദനം തമിഴ്നാട്ടിലേക്ക് കടത്തി. ചന്ദനം മുറിക്കാൻ ഉപയോഗിച്ച വാള് പൊലീസ് കണ്ടെടുത്തു. കൊലപാതകം ഉൾപ്പെടെ 26 കേസുകളിൽ പ്രതിയായ അജിത്ത് പൂജപ്പുര സെൻട്രൽ ജയിൽ വച്ചാണ് കൊലപാതക കേസിൽ പ്രതിയായ മഹേഷിനെ പരിചയപ്പെടുന്നത്. പിന്നീട് മഹേഷ് മുഖേന മറയൂരിൽ നിന്ന് ചന്ദനം കടത്താൻ പദ്ധതിയിടുകയായിരുന്നു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. രക്ഷപ്പെട്ട രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി