നടന്‍ മണിയന്‍പിള്ള രാജുവിനെതിരായ വാഹനാപകടക്കേസില്‍ പൊലീസിന്റെ വീഴ്ച തള്ളി ഡി.സി.പിയുടെ റിപ്പോര്‍ട്ട്. പൊലീസ് രാത്രി രാജുവിന്റെ വീട്ടിലെത്തിയിരുന്നെന്നും ആ സമയത്ത് അദ്ദേഹവും കാറും വീട്ടിലുണ്ടായിരുന്നില്ല എന്നും റിപ്പോട്ടില്‍ പറയുന്നു. പൊലീസിനെ വിളിച്ചെന്ന രാജുവിന്റെ വാദം തെറ്റെന്നും രാവിലെ വന്നാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Also Read: മണിയൻപിള്ള രാജുവിന്റെ കാറപകടം, ‘പറയുന്നത് പച്ചക്കള്ളം’, യുവാക്കൾക്കെതിരെ മാധവ്


തിരുവനന്തപുരം നഗരത്തിൽ ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിലായിരുന്നു അപകടം. രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാർ ഓടിച്ചിരുന്ന മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടിരുന്നു. വ്യാഴാഴ്ച രാത്രി 11.30ന് ട്രിവാൻഡ്രം ക്ലബ്ബിന്റെ ഗേറ്റിനു പുറത്തിറങ്ങി മീഡിയന് അപ്പുറം എതിർദിശയിലേക്കുള്ള പാതയിലേക്കു കടക്കുന്നതിനിടെയായിരുന്നു അപകടം.  അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും വാഹനം നിർത്താതെ പോയ നടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലുണ്ടായിരുന്ന ശ്രീവരാഹം സ്വദേശി നിദേവ് (20), ശ്രീകണ്ഠേശ്വരം സ്വദേശി സൂരജ് (20) എന്നിവർ പരുക്കുകളോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. എൽഎൽബി വിദ്യാർഥിയായ നിദേവിന് ഇടതുകാലിനും ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്റെ തുടയെല്ലിനും പൊട്ടലുണ്ട്. ഇരുവരെയും ശസ്ത്രക്രിയയ്ക്കു വിധേയരാക്കി.

 

ട്രിവാൻഡ്രം ക്ലബ്ബിൽനിന്ന് സാവധാനം പുറത്തേക്കിറങ്ങിയ കാർ ഇൻഡിക്കേറ്റർ ഇട്ട് വാഹനങ്ങൾ കടന്നുപോകാൻ കാത്തുനിന്ന ശേഷം സാവധാനം റോഡ് കടക്കുന്നതിനിടെ അപകടമുണ്ടായെന്നാണു സിസിടിവി ദൃശ്യത്തിൽ വ്യക്തമാകുന്നത്. രണ്ട് ഇരുചക്ര വാഹനങ്ങൾ ഒരേസമയം വന്നതിൽ ഒരെണ്ണം കാർ കടന്നുപോകാനായി നിർത്തുന്നതും അപകടത്തിൽപെട്ട ബൈക്ക് അതിവേഗം കാറിനു മുന്നിലേക്കു വെട്ടിച്ചു കയറുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടകരമായും ഉദാസീനമായും മനുഷ്യജീവന് ആപത്തു വരത്തക്കവിധം വാഹനമോടിക്കൽ, അപകടത്തിൽപെട്ടവർക്കു പ്രഥമശുശ്രൂഷ നൽകാതെയും ഉത്തരവാദപ്പെട്ടവരെ അറിയിക്കാതെയും വാഹനം നിർത്താതെ പോയി തുടങ്ങിയ കുറ്റങ്ങളാണ് രാജുവിനെതിരെ ചുമത്തിയത്. 

 

കേസിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ടായിരുന്നു. സംഭവം നടന്ന രാത്രി തന്നെ പൊലീസ് രാജുവിന്റെ വീട്ടിലെത്തിയെന്നാണു സിറ്റി പൊലീസ് കമ്മിഷണർ മാധ്യമങ്ങളോടു പറഞ്ഞത്. കാർ കണ്ടെത്തിയില്ലെന്നും വീടു പൂട്ടിയിരിക്കുകയായിരുന്നെന്നും കമ്മിഷണർ പറഞ്ഞു. എന്നാൽ, പൊലീസ് വീട്ടിൽവന്നു തന്നെ കണ്ടെന്നും താൻ രോഗിയാണെന്നും ഭാര്യ വീട്ടിൽ ഒറ്റയ്ക്കാണെന്നും പറഞ്ഞതിനാൽ ‌രാവിലെ സ്റ്റേഷനിലെത്തിയാൽ മതിയെന്നു നിർദേശിച്ചെന്നുമായിരുന്നു രാജുവിന്റെ പ്രതികരണം. അപകടംനടന്ന് 12 മണിക്കൂറിനു ശേഷമാണ് മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ രാജുവിന്റെ വൈദ്യപരിശോധന നടത്തിയത് . അപകടമുണ്ടാക്കിയ കാർ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ടെന്നിസ് ക്ലബ്ബിനു പിന്നിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. 

ENGLISH SUMMARY:

Maniyanpilla Raju accident case DCP report dismisses police lapse claims. The report clarifies that police did visit Raju's home at night, but neither he nor the car were present then, and Raju's assertion of being told to come in the morning is deemed incorrect.