പ്രോസിക്യൂട്ടർ നിയമനത്തിന്‍റെ പേരിൽ പത്തനംതിട്ട എസ്പിക്കെതിരെ പരാതി നൽകിയ ആലപ്പുഴ ഡിവൈഎസ്പി മധു ബാബു, കരിക്കിനേത്ത് കൊലക്കേസ് അട്ടിമറിച്ച ആളെന്ന് കൊല്ലപ്പെട്ട ബിജുവിന്‍റെ സഹോദരൻ. പ്രോസിക്യൂട്ടറായി പ്രശാന്ത് കുറുപ്പിനെ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് തങ്ങളാണെന്നും സഹോദരൻ സാബു എം ജോസഫ് പറഞ്ഞു. പത്തനംതിട്ട എസ്പി റൗഡി ലിസ്റ്റിലുള്ള ആളെ പ്രോസിക്യൂട്ടറായി ശുപാർശ ചെയ്തു എന്നായിരുന്നു ആലപ്പുഴ ഡിവൈഎസ്പി മുഖ്യമന്ത്രിക്ക് നൽകിയ പരാതി.
പത്തനംതിട്ടയിൽ 2013ൽ കരിക്കിനേത്ത് തുണിക്കടയിൽ ജീവനക്കാരൻ ബിജു കൊല്ലപ്പെട്ട കേസിലെ പ്രോസിക്ക്യൂട്ടർ നിയമനമാണ് ഇപ്പോഴത്തെ വിവാദം. വർഷം 12 കഴിഞ്ഞിട്ടും ഇതുവരെയും വിചാരണ തുടങ്ങിയിട്ടില്ല. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന മധുബാബു കേസ് അട്ടിമറിച്ചെന്ന് കൊല്ലപ്പെട്ട ബിജുവിന്‍റെ കുടുംബം പറയുന്നു. ഹൈക്കോടതി തന്നെ അന്നത്തെ സിഐ മധുബാബുവിന്‍റെയും ഡിവൈഎസ്പി ചന്ദ്രശേഖരപിള്ളയുടെയും വീഴ്ച കണ്ടെത്തിയതാണ്. നീതി തേടിയാണ് പ്രശാന്ത് വി കുറുപ്പിനെ പ്രോസിക്യൂട്ടറാക്കാൻ ഹൈക്കോടതിയെ സമീപിച്ചതെന്നും സഹോദരൻ പറഞ്ഞു.
പ്രശാന്ത് കുറുപ്പിനെ ഒഴിവാക്കണമെന്ന് മധുബാബു ആവശ്യപ്പെട്ടിരുന്നതാേയും സാബു പറയുന്നു. പ്രശാന്ത് വി കുറുപ്പ് റൗഡി ലിസ്റ്റിലുള്ള ആളെന്നായിരുന്നു മധു ബാബുവിന്‍റെ ആരോപണം. തന്‍റെ വിവാഹമോചന കേസിൽ ഇടപെട്ട് പത്തിലധികം കേസുകളിൽ മധുബാബുവാണ് തന്നെ കുടുക്കിയതെന്ന് അഭിഭാഷകൻ പ്രശാന്ത് പറയുന്നു. കരിക്കിനേത്ത് കേസിൽ തെളിവ് നശിപ്പിച്ചതിൽ പ്രതിയാകുമെന്ന ഭയമാണ് മധുബാബു പരാതി നൽകാൻ കാരണമെന്നാണ് ഇന്നലെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വാർത്താക്കുറിപ്പിലൂടെ ആരോപിച്ചത്. 2013ൽ ജീവനക്കാരനെ കരിക്കിനേത്ത് തുണിക്കടയിൽ കൊലപ്പെടുത്തിയ കേസിൽ ഉടമകൾ അടക്കം പ്രതികളാണ്. അന്വേഷണത്തിലെ അട്ടിമറിയിൽ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് മധുബാബു.