ബെംഗളൂരു കോറമംഗലയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ വണ്ടിയില്‍ തള്ളിയ സംഭവത്തില്‍ പ്രതി ലിവ്‍ഇന്‍ പങ്കാളിയെന്ന് പൊലീസ്. ബെംഗളൂരു ഹൂളിമാവ് സ്വദേശി 40 കാരി ആശയാണ് കൊല്ലപ്പെട്ടത്. ആശയുമായി ബന്ധത്തിലായിരുന്ന അസാം സ്വദേശി മുഹമ്മദ് ഷംശുദീനെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ചയാണ് കോറമംഗലയിലെ മാലിന്യ ട്രക്കില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പിന്നാലെ കൊലപാതക കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഷംശുദീനിലേക്ക് എത്തിയത്. 

വിവാഹമോചിതയായ ആശയും ഷംശുദീനും ലിവ്‍ഇന്‍ ബന്ധത്തിലായിരുന്നു. വിവാഹിതനായ ഷംശുദീന്‍റെ ഭാര്യയും മക്കളും അസമിലാണ്. ഭാര്യ ഭര്‍ത്താക്കന്മാര്‍ എന്നു പറഞ്ഞാണ് ഇരുവരും വാടകയ്ക്ക് വീടെടുത്തത്. ഹൂളിമാവിലെ സ്വകാര്യ ഹൗസ്കീപ്പിങ് കമ്പനിയിലെ ജോലിക്കാരാണ് ഇരുവരും. സമീപകാലത്ത് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. ആശയുടെ മദ്യപാനവും രാത്രി വൈകിയുള്ള ഫോണ്‍ കോളുകളും ഷംശുദീനെ ചൊടിപ്പിച്ചിരുന്നു. 

ശനിയാഴ്ച രാത്രിയില്‍ ഷംശുദീന്‍ മദ്യപിച്ചെത്തുകയും തര്‍ക്കത്തിനു ശേഷം ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളി. ബൈക്കില്‍ ചാക്കുമായി പോകുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞതാണ് കേസില്‍ തുമ്പായത്

ENGLISH SUMMARY:

Bengaluru police arrested Mohammed Shamsuddin for allegedly murdering his 40-year-old live-in partner Asha and dumping her body, tied in a sack, in a garbage truck in Koramangala. CCTV footage led to the Assam native, revealing a strained relationship over Asha's drinking and late-night calls.