വിമാനത്താവളങ്ങള്‍ വഴി പല തരത്തിലുള്ള കള്ളക്കടത്ത് പിടികൂടിയിട്ടുണ്ട്. ഇപ്പോള്‍ ട്രെന്‍ഡിങ് അരുമ മൃഗങ്ങളുടെ കടത്താണ്. മക്കാവോ, മാലിയോ തുടങ്ങിയ വിദേശ പക്ഷികള്‍ മുതല്‍ നക്ഷത്ര ആമകളെ വരെ ലഗേജിനൊപ്പം പൂട്ടിക്കെട്ടി കടത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഇത്തവണ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് കുഞ്ഞന്‍ കുരങ്ങുകളെയാണ്. പോക്കറ്റ് മങ്കിയെന്ന് അറിയപ്പെടുന്ന മൂന്ന് കോമണ്‍ മാര്‍മോസെറ്റുകളെ. വൈറ്റ് ലിപ്ഡ് ടാമറിന്‍ രണ്ടെണ്ണം, പിന്നെ ഒരു മക്കാവുവും. പിന്നാലെ ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് പൊക്കി.
മാര്‍മോസെറ്റ് അഥവാ പോക്കറ്റ് മങ്കി
കൈയ്ക്കുള്ളില്‍ ഒതുങ്ങുന്ന ഇത്തിരി കുഞ്ഞന്‍ കുരങ്ങ് അതാണ് മാര്‍മോസെറ്റ് മങ്കി. ആമസോണ്‍ മഴക്കാടുകളില്‍ ജനിച്ച ഇത്തിരിക്കുഞ്ഞനെ ഇപ്പോള്‍ പലരും അരുമയായി വളര്‍ത്തുന്നുണ്ട്. മൂന്ന് ലക്ഷം മുതലാണ് ഇവയുടെ വില. പതിനഞ്ച് സെന്‍റീമീറ്റര്‍ നീളമുള്ള ഒരു സ്കെയിലിന്‍റെ വലുപ്പമേ മാര്‍മോസെറ്റിനുള്ളൂ. വാലിനാകട്ടെ രണ്ടിരട്ടി നീളവും. ഇരു ചെവികള്‍ക്കും വെള്ളനിറമാണ്. കണ്ടാല്‍ നല്ല ക്യൂട്ടും.
വൈറ്റ് ലിപ്ഡ് ടാമറിന്‍
വെള്ള മീശവെച്ച പോലെയാണ് ഇതിന്‍റെ മുഖം. അതുകൊണ്ടു തന്നെയാണ് ആ പേരും. ആമസോണ്‍ കാടുകളില്‍ ബ്രസീലിലും ബൊലീവിയയിലുമാണ് ഇവയുടെ ജനനം. കഷ്ടി ഒരു അടി മാത്രമാണ് ഇവയുടെ നീളം, ഭാരം അരക്കിലോയില്‍ താഴെ. വനത്തില്‍ പരമാവധി എട്ട് വര്‍ഷം വരെയാണ് ആയുസ്.
ആവശ്യക്കാരേറെ
ചെന്നൈ കേന്ദ്രീകരിച്ച് വലിയ റാക്കറ്റ് തന്നെ ഇത്തരം മൃഗങ്ങളുടെ വില്‍പനയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കോക്കില്‍ നിന്ന് ഇവ എത്തിച്ച് വന്‍ തുകയ്ക്കാണ് വില്‍പന നടത്തുന്നത്. ഇത്തരം മൃഗങ്ങള്‍ക്ക് പുറമെ അപൂര്‍വയിനം വിദേശ പക്ഷികളുടെ കടത്തും വ്യാപകമാണ്. തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വേഴാമ്പലടക്കം നാലിനങ്ങളില്‍പ്പെട്ട പതിനാല് പക്ഷികളെയാണ് നെടുമ്പാശേരിയില്‍ കഴിഞ്ഞ ഡിസംബറില്‍ നെടുമ്പാശേരിയില്‍ പിടികൂടിയത്. ബാങ്കോക്കില്‍ നിന്നായിരുന്നു അന്നും കടത്ത്. രണ്ട് ലക്ഷം വരെ വിലയുള്ള പക്ഷികളെ 75,000 രൂപ പ്രതിഫലത്തിനായി കടത്തിയെന്നാണ് അന്ന് പിടിയിലായ തിരുവനന്തപുരം സ്വദേശികളുടെ മൊഴി.
ഇന്ത്യയില്‍ ഇവയെ വളര്‍ത്തുന്നത് എത്തിക്കുന്നതും 3 മുതല്‍ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം വിദേശ പക്ഷികളെയും മൃഗങ്ങളെയും നിയമവിരുദ്ധമായി വളര്‍ത്തുന്ന കേന്ദ്രങ്ങള്‍ നിരവധിയാണ്. പക്ഷികളെ ആര്‍ക്കുവേണ്ടിയാണ് എത്തിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.