TOPICS COVERED

ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാർ പണികൾ എടുത്ത് നടത്തി വരികയായിരുന്നു.ആറുമാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ഇന്നു രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽനിന്നും പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്നു സിറിഞ്ച് കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.

കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്നുമാണ് വിവരം. ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബാംഗങ്ങൾ പറയുന്നു. കെട്ടിട നിർമാണ കരാറുകാരനായ വിഷിണുവിന് കോവിഡിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ട ഇവർ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ചെറുകിട കരാർ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് പലിശ നൽകി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്നലെ കടുത്തുരുത്തി സംഘത്തിന്റെ ഭീഷണിയും മർദനവും ഉണ്ടായത്. യൂത്ത് കോൺഗ്രസിന്റെ രാമപുരം മുൻ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സിസിടിവി പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.

ENGLISH SUMMARY:

A couple, Vishnu and Reshmi, were found dead under mysterious circumstances in their rented house in Panakkapalam, Eerattupetta. Reshmi was a nursing superintendent at Sunrise Hospital in Eerattupetta, while Vishnu was a contractor.