മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് അമ്മക്കെതിരെ കേസ്. ബെംഗളൂരുവിലാണ് 45 കാരിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം ആര്‍ടി നഗര്‍ പൊലീസ് കേസ് ഫയല്‍ ചെയ്തത്. കൗമാരക്കാരിയായ മകളെ വര്‍ഷങ്ങളോളം അമ്മ പീഡിപ്പിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നോര്‍ത്ത് ബെംഗളൂരുവിലെ സ്കൂളില്‍ പഠിക്കുന്ന 15കാരി അമ്മക്കും മൂത്ത സഹോദരിക്കുമൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളില്‍ വച്ച് നടന്ന ഒരു കൗണ്‍സിലിങ്ങിലാണ് 15കാരി പീഡനവിവരം പുറത്തുപറഞ്ഞത്. വിവാഹത്തിന് ശേഷം ഭര്‍ത്താവുമായി എങ്ങനെ ശാരീരികമായി അടുക്കാം എന്ന് പഠിപ്പിക്കാം എന്ന് പറഞ്ഞാണ് അമ്മ പീഡിപ്പിച്ചിരുന്നതെന്ന് കുട്ടി പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ പീഡനത്തിന് ഇരയായി എന്നും കുട്ടി പരാതിയില്‍ പറഞ്ഞു.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീ ഭര്‍ത്താവില്‍ നിന്നും അകന്നാണ് കഴിയുന്നത്. അമ്മയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം കുട്ടിയുടെ ആരോപണങ്ങള്‍ അമ്മ നിഷേധിച്ചു. പെണ്‍കുട്ടിയെ വഴക്കുപറയുകയും അടിക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ലൈംഗിക പീഡന നടന്നിട്ടില്ലെന്നും അമ്മ പറഞ്ഞു.